കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു

കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. ഇടുക്കിയിലാണ് സംഭവം. ഇന്നലെ രാത്രി 7-30 ന് കുളമാവ് വനത്തിലെ മീൻമുട്ടി ഭാഗത്ത് വച്ചാണ് ആനയുടെ ആക്രമണമുണ്ടായത്.
തടിയമ്പാട് വലിവ് മറ്റത്തിൽ സിദ്ധാർത്ഥ് സോമനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ഇടുക്കി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കുത്തനാപ്പിളളിൽ കിരൺ ടോമിക്കും ആക്രമണത്തിൽ നിസാര പരിക്കേറ്റു. കരാറുകാരായ യുവാക്കൾ മുട്ടത്ത് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സിദ്ധാർത്ഥിന്റെ സഹയാത്രികനായ കിരൺ ആണ് സിദ്ധാർത്ഥിനെ ആശുപത്രിയിൽ എത്തിച്ചത്. ബൈക്കിൽ വരുമ്പോള്‍ റോഡ് സൈഡിൽ നിന്ന ആന പെട്ടന്ന് തിരിഞ്ഞ് തുമ്പികൈക്ക് അടിക്കുകയായിരുന്നു.
സിദ്ധാർത്ഥിന്റെ തലയ്ക്കാണ് അടിയേറ്റത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. എന്നൽ കഴുത്തിനും, ചെവിക്കും ,നെഞ്ചിനും ചതവ് ഏറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സ്ഥിരമായി ഈ മേഖലയിൽ രാത്രി കാലങ്ങളിൽ ചില്ലി കൊമ്പനായ കാട്ടാന സ്ഥിര താവളമാക്കിയിരുന്നു. എന്നാൽ ശാന്തനായിരുന്ന ആന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അക്രമകാരിയായി മാറിയതായി രാത്രി യാത്രക്കാർ പറയുന്നു. കാട്ടാനയുടെ ശല്ല്യം വർദ്ധിച്ചതിനാൽ ഇതു വഴി യാത്ര ചെയ്യുന്ന ചെറു വാഹന യാത്രികരും ഇരുചക്ര വാഹനം ഓടിക്കുന്നവരും ശ്രദ്ധിക്കണമെന്ന് ഇടുക്കി എസ്.ഐ ടി.സി മുരുകൻ അറിയിച്ചു. മറയൂർ ചിന്നക്കനാൽ മേഖലകളിൽ കാട്ടാന വഴിയാത്രികർക്ക് ഭീഷണിയാവുമ്പോള്‍ കുളമാവ് വനത്തിലൂടെയുള്ള യാത്ര സുഗമമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here