സൈനയും കശ്യപും ഇനി കായികലോകത്തെ താരദമ്പതികള്‍

സിനിമാലോകത്തെ താരദമ്പതികള്‍ക്ക് മാത്രമല്ല കായികലോകത്തെ താരദമ്പതികളള്‍ക്കുമുണ്ട് ആരാധകര്‍ ഏറെ. നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായിരിക്കുകയാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ സൈന നെഹ്വാളും പി. കശ്യപും. 2005 ല്‍ ബാഡ്മിന്റണ്‍ അക്കാദമിയിലെ പഠനത്തിനിടയില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. ഇപ്പോഴിതാ വിവാഹത്തിലേക്കും.

വിവാഹത്തിന്റെ ചിത്രങ്ങള്‍ സൈന നെഹ്വാള്‍ തന്നെ ആരാധകര്‍ക്കായി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. ഡിസംബര്‍ 21 ന് എല്ലാവര്‍ക്കുമായി സത്കാരം നടത്തുമെന്നും ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്ക് വേണ്ടി ഇരുപതിലധികം പ്രധാന മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് സൈന. ലോക ചാംബ്യന്‍ഷിപ്പില്‍ വെള്ളിയും ഒളിമ്പിക്‌സില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്്. 2013 ല്‍ ലോക റാങ്കില്‍ ആറാം സ്ഥാനം നേടിയിട്ടുള്ള കശ്യപ്, 2014 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവുകൂടിയാണ്.

ഇന്ത്യക്ക് ഏറെ അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇരുവരുടെയും വിവാഹ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. വിവാഹിതരായ താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top