Advertisement

130 രൂപയ്ക്ക് ഇഷ്ടമുള്ള 100 ചാനലുകള്‍; പുതിയ ചട്ടങ്ങളുമായ് ട്രായ്

December 15, 2018
Google News 1 minute Read

ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്)യുടെ പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. ഇതോടെ നിരവധി മുന്‍നിര ചാനല്‍ നെറ്റ് വര്‍ക്കുകള്‍ നിരക്കുകള്‍ വെട്ടിക്കുറച്ചു. ഡിടിഎച്ച്, കേബിള്‍ കമ്പനികളുടെ അമിത നിരക്ക് ഈടാക്കല്‍ രീതി അവസാനിപ്പിക്കാനാണ് ട്രായ് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഉപയോക്താവിന് ആവശ്യമുള്ള ചാനലുകള്‍ക്ക് മാത്രം പണം നല്‍കുന്ന സംവിധാനമാണ് ട്രായ് നടപ്പിലാക്കുക. ഇതുപ്രകാരം പ്രതിമസം 130 രൂപയും നികുതിയും നല്‍കി ഇഷ്ടമുള്ള നൂറ് ചാനലുകള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ ചാനലുകള്‍ ആസ്വദിക്കണമെങ്കില്‍ അധിക തുക നല്‍കിയാല്‍ മതി. പേ ചാനലുകള്‍ക്ക് പ്രത്യേക പാക്കേജുകള്‍ തയാറാക്കാന്‍ ഡിടിഎച്ച്, കേബിള്‍ കമ്പനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അറുപത് ദിവസത്തിനുള്ളില്‍ ചാനലുകള്‍ സൗജന്യമാണോ എന്നും അതല്ലെങ്കില്‍ നിരക്കെത്രയാണെന്നും വ്യക്തമാക്കാന്‍ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുകയ്ക്കനുസരിച്ച് പ്രത്യേക പാക്കേജുകളും അതിന്റെ നിരക്കും നിശ്ചയിക്കാന്‍ വിതരണക്കാര്‍ക്കു 180 ദിവസവും അനുവദിച്ചിട്ടുണ്ട്.

കൂടുതല്‍ പേ ചാനലുകളുണ്ടെങ്കില്‍ ഓരോ ചാനലിനും പ്രത്യേക നിരക്ക് വേണമെന്നും ട്രായ്‌യുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇവ ഒരുമിച്ച് നല്‍കുന്നുണ്ടെങ്കില്‍ മൊത്തം ചാനലുകളുടെ ആകെ തുകയില്‍ നിന്നും 15 ശതമാനത്തിലധികം കുറയാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സാധാരണ പാക്കേജിനു പുറമെ സൗജന്യചാനലുകളുടെ ഒരു പാക്കേജെങ്കിലും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഈ മാസം 29 മുതലായിരിക്കും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. ഡിടിഎച്ചില്‍ 75 രൂപ നിരക്കില്‍ ലഭ്യമായിരുന്ന ഡി സ്‌പോര്‍ട്‌സിനു 4 രൂപയാണ് പുതിയ നിരക്ക്. എന്നാല്‍ ട്രായ്‌യുടെ പുതിയ ചട്ടപ്രകാരം സ്റ്റാര്‍, സോണി, സീ, കളേഴ്‌സ് തുടങ്ങിയ ചാനല്‍ ശൃംഖലകളുടെ മുഴുവന്‍ ചാനലുകളും തിരഞ്ഞെടുക്കുന്നവര്‍ക്ക് കൂടുതല്‍ നിരക്ക് നല്‍കേണ്ടവരുമെന്നാണ് വിലയിരുത്തല്‍. പേ ചാനലുകള്‍ എല്ലാം ലഭിക്കണമെങ്കിലും കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും.

ട്രായ്‌യുടെ പുതിയ ചട്ടപ്രകാരം ഈടാക്കാവുന്ന പരമാവധി നിരക്കുകള്‍

  • പേ ചാനലുകള്‍ക്ക്- 12 രൂപ
  • സിനിമ ചാനലുകള്‍ക്ക്-10 രൂപ
  • കുട്ടികളുടെ വിനോദ ചാനലുകള്‍ക്ക്- 7 രൂപ
  • വാര്‍ത്താ ചാനലുകള്‍ക്ക് – 5 രൂപ
  • കായിക ചാനലുകള്‍ക്ക്- 10 രൂപ
  • ആധ്യാത്മിക ചാനലുകള്‍ക്ക്- 3 രൂപ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here