പികെ ശശി ഉന്നയിച്ച ഗൂഢാലോചന പരാതിയില്‍ പാര്‍ട്ടി നടപടി എടുത്തേക്കും

ഷൊർണ്ണൂർ എംഎൽഎ പി കെ ശശിക്കെതിരായി സംസ്ഥാന കമ്മറ്റി എടുത്ത നടപടി സി പി എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതോടെ ശശി ഉന്നയിച്ച ഗൂഢാലോചന പരാതിയിൽ കുറ്റാരോപിതർക്കെതിരെ പാർട്ടി നടപടി എടുത്തേക്കും. ശശിക്കെതിരായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യം ജില്ലാ കമ്മറ്റി പരിശോധിക്കണമെന്നും പെൺകുട്ടിയുടെ പരാതി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
പി കെ ശശിക്കെതിരായ അച്ചടക്ക നടപടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു
നിലവിൽ പാലക്കാട് ജില്ലയിലെ പ്രമുഖ നായ സി ഐ ടി യു നേതാവടക്കം അഞ്ച് പേർ നടപടിക്ക് വിധേയമാകുമെന്നാണ് സൂചന. ശശിക്കെതിരായ 6 മാസത്തെ സസ്പെൻഷൻ എന്ന നടപടി പോരെന്ന് പരാതിക്കാരിയായ ഡിവൈഎഫ്ഐ നേതാവും ,വി എസ് അച്ചുതാനന്ദനും കേന്ദ്ര കമ്മറ്റിയെ കത്തിലൂടെ അറിയിച്ചിട്ടും സംസ്ഥാന കമ്മറ്റി തീരുമാനം സി സി ശരിവെയ്ക്കുകയായിരുന്നു.
കടുത്ത നടപടി വേണമെന്ന പെൺകുട്ടിയുടെ ആവശ്യം തള്ളിയതോടെ ഇനി ശശി ഉന്നയിച്ച ഗൂഢാലോചന പരാതി പരിഗണിക്കുമെന്ന സൂചനയാണ് സംസ്ഥാന നേതാക്കൾ നൽകുന്നത് .ഫോണിൽ മാത്രമേ പി കെ ശശി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുള്ളൂ എന്നായിരുന്നു പരാതി അന്വേഷിച്ച എകെ ബാലനും പി കെ ശ്രീമതിയും അടങ്ങുന്ന പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. പെൺകുട്ടിക്ക് പിന്നിൽ ആരെല്ലാമോ ഉണ്ടെന്ന സൂചന നൽകിയ കമ്മീഷൻ റിപ്പോർട്ടിൽ ശശിക്കെതിരായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് ജില്ലാ കമ്മറ്റി പരിശോധിക്കണമെന്നും പറഞ്ഞിരുന്നു. ഗൂഢാലോചന പരാതിയിൽ പി കെ ശശി പറഞ്ഞ പേരുകളിൽ 5 പേരെ കേന്ദ്രീകരിച്ച് പ്രാഥമികാന്വേഷണം സി പി എം പൂർത്തീകരിച്ച് കഴിഞ്ഞെന്നാണ് വിവരം.
പി കെ ശശിക്കെതിരായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണം; സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി പെൺകുട്ടി
എ കെ ബാലൻ കമ്മീഷന് മുൻപിൽ മൊഴി നൽകിയ 12 പേർ ഈ അഞ്ച് പേർക്കെതിരായി തെളിവ് നൽകിയിട്ടുണ്ടെന്നും സി പി എം വൃത്തങ്ങൾ സൂചന നൽകുന്നു.സിഐടിയുവിന്റെ ജില്ലാ നേതാവിനെ കൂടാതെ, ഡിവൈഎഫ്ഐയുടെ ഒരു അഖിലേന്ത്യ നേതാവും ,ഒരു പാർട്ടി ഏരിയ സെക്രട്ടറിയും, ജനപ്രതിനിധിയായ ഡിവൈഎഫ്ഐ ജില്ലാ നേതാവും, മണ്ണാർക്കാട്ടെ ഒരു പ്രാദേശിക ഡിവൈഎഫ്ഐ ഭാരവാഹിയും, പാർട്ടിയുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. ഇവർക്കെതിരായ അന്വേഷണത്തിന് പുതിയ കമ്മീഷനടക്കം ഉടൻ തീരുമാനമായേക്കും. അതേ സമയം ശക്തമായ നടപടി വേണമെന്ന ആവശ്യം സി സി തള്ളിയതോടെ പെൺകുട്ടി നിയമ നടപടിയിലേക്ക് കടക്കുമോ എന്ന ആശങ്കയും സി പി എം നേതൃത്വത്തിൽ ഒരു വിഭാഗം പങ്കുവെയ്ക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here