ഒരു കിലോമീറ്റർ ഓടാൻ വേണ്ടത് 50 പൈസ മാത്രം ! കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ ഉടൻ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമ്മിച്ച ഇ ഓട്ടോ സിഎംവിആർ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സർട്ടിഫിക്കേഷൻ ലഭിച്ചാൽ ഇ ഓട്ടോ പിപണിയിൽ എത്തിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സംസ്ഥാനസർക്കാറിന്റെ ഇ വെഹിക്കിൾ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ ഓട്ടോയ്ക്ക് രൂപം നൽകിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയിൽ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ ഓട്ടോയുടെ പ്രത്യേകത. ഒരു പ്രാവശ്യം പൂർണ്ണമായും ചാർജ്ജ് ചെയ്താൽ നൂറ് കിലോ മീറ്റർ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂർ കൊണ്ട് ബാറ്ററി പൂർണ്ണമായും ചാർജ്ജ് ചെയ്യാനും സാധിക്കും. സ്റ്റാന്റുകളിലും മറ്റും ചാർജ്ജിംഗ് സംവിധാനം ഒരുക്കിയാൽ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം.
അഞ്ചു മാസം കൊണ്ടു തന്നെ ഇ ഓട്ടോ സജ്ജമാക്കാൻ കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡിന് കഴിഞ്ഞു. ഇലക്ട്രിക് വാഹന വികസനത്തിനു വേണ്ടി കേരളാ ഓട്ടോമൊബൈൽസിന് കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ നീക്കി വെച്ചിരുന്നു. ഇത് ഉപയോഗിച്ച് കൂടുതൽ ഇലക്ട്രിക് ഓട്ടോ രംഗത്തിറക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here