തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുളള കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം വ്യാപകം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുളള കേന്ദ്രനടപടിക്കെതിരെ എയർപോർട്ട് അതോറിറ്റി ജീവനക്കാരിൽ നിന്നുൾപ്പെടെ പ്രതിഷേധം വ്യാപകം. സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചതോടെ വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വികസനത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് നാട്ടുകാരും. വിഷയത്തിൽ കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് ആക്ഷൻകൗൺസിൽ.
കിടപ്പാടങ്ങൾ പോലും നൽകി വിമാനത്താവള വികസനത്തിനായി സഹകരിച്ച സാധാരണക്കാർ തെരുവിൽ അലയുമ്പോളാണ് വിമാനത്താവളം സ്വകാര്യവത്കരിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നത്. എയർപോർട്ട് അതോറിറ്റി ജീവനക്കാരും പ്രദേശവാസികളും ഉൾപ്പെടെ കേന്ദ്ര തീരുമാനത്തിനെതിരെ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
600 കോടിയുടെ പദ്ധതികളാണ് വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യവത്കരണ തീരുമാനം വന്നതോടെ പദ്ധതിക്കായി സ്ഥലം വിട്ടുനൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ. സ്ഥലമേറ്റെടുക്കൽ നടപടികൾ നിലച്ചാൽ അത് വിമാനത്താവളത്തിന്റെ ലൈസൻസിനു തന്നെ ഭീഷണിയായേക്കും. ബേസിക് സ്ട്രിപ്പിനായി സ്ഥലമില്ലാത്തതിനാൽ സുരക്ഷാ ഏജൻസികളുടെ താത്കാലിക ലൈസൻസിലാണ് എയർപോർട്ട് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബേസിക് സ്ട്രിപ്പ് വികസിപ്പിക്കുന്നതിനായി ഓരോവർഷവും സമയം നീട്ടിചോദിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. കരാർ ഏറ്റെടുക്കുന്ന കമ്പനികൾ കൂടുതൽ ലാഭത്തിനായി ഏർപ്പെടുത്താൻ സാധ്യതയുളള നിയന്ത്രണങ്ങളിൽ യാത്രക്കാരും ആശങ്കയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here