അവഗണനമാത്രം രുചിച്ചിട്ടുള്ള സബർ ഗോത്രത്തിലെ കുട്ടികൾക്കായി സ്വന്തമായി സ്കൂൾ തുടങ്ങി ഒരു പോലീസുകാരൻ

എന്നും എല്ലാവരാലും അകറ്റി നിർത്തിപ്പെട്ട, അവഗണന മാത്രം രുചിച്ചിട്ടുള്ള സബർ ഗോത്രത്തിലെ കുട്ടികൾക്ക് അരൂപ് ഒരു മാലാഖയാണ്. യാതൊരു ലാഭവും പ്രതീക്ഷിക്കാതെ കുട്ടികളുടെ ഭാവി മാത്രം മുന്നിൽ കണ്ട് തന്റെ സമ്പാദ്യംകൊണ്ട് അവർക്കായി സ്കൂൾ പണിത ഈ പോലീസുകാരനെ പിന്നെ അവർ എങ്ങനെ കാണണം ?
ബ്രിട്ടീഷ് കാലത്ത് നിലനിന്നിരുന്ന ക്രിമിനൽ ട്രൈബ്സ് ആക്ട് 1871 പ്രകാരമുള്ള ക്രിമിനൽ ഗോത്രമാണ് സബർ. കാലം ഇത്ര കഴിഞ്ഞുപോയിട്ടും ഇന്നും മോഷണവും പിടിച്ചുപറിയും തന്നെയാണ് ഈ ഗോത്രക്കാരുടെ ഉപജീവനമാർഗം. മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മധ്യ ബംഗാളിലെ പുരൂലിയ, ബങ്കൂര, വെസ്റ്റ് മിഡ്നാപൂർ എന്നിവിടങ്ങളിലാണ് ഈ ഗോത്രക്കാരെ കണ്ടുവരുന്നത്. ചെറുപ്പത്തിൽ തന്നെ സബർ ഗോത്രത്തെ കുറിച്ചറിഞ്ഞ അരൂപിന് അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് അതിയായ ആഗ്രഹമായിരുന്നു. ആ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായാണ് അവിടുത്തെ കുട്ടികൾക്കായി അദ്ദേഹം സ്കൂൾ തുടങ്ങുന്നത്.
ഒരു പൊലീസ് കോൺസ്റ്റബിളാണ് അരൂപ് മുഖർജി. 1999 ലാണ് കൊൽക്കത്ത പോലീസിൽ അരൂപ് ജോലി ആരംഭിക്കുന്നത്. എല്ലാ മാസവും അരൂപ് ശമ്പളത്തിൽ നിന്നും കുറച്ച് തുക മിച്ചം പിടിച്ചു തുടങ്ങി…തന്റെ സ്വപ്നം നിറവേറ്റുന്നതിനായി. പിന്നീട് സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമമായി. അങ്ങനെയാണ് ഗ്രാമവാസികളിലൊരാൾ ഭൂമി വാടകയ്ക്ക് നൽകാൻ തയ്യാറാകുന്നത്. അങ്ങനെ അവിടെ സ്കൂൾ നിർമ്മിക്കാൻ തീരുമാനിച്ചു.
സബർ ഗോത്രത്തിലെ കുട്ടികൾക്കായി സൗജന്യമായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2011 ൽ ആരംഭിച്ച സ്കൂളിൽ തുടക്കത്തിൽ 20 കുട്ടികൾ മാത്രമായിരുന്നു ഉള്ളത്. രണ്ട് ക്ലാസ് മുറികളിൽ മാത്രമായി തുടങ്ങിയ ഈ സ്കൂളിന് ഇന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്നുമെല്ലാം സഹായങ്ങൾ ലഭിച്ചുതുടങ്ങി. നാലാം ക്ലാസ് വരെ മാത്രമേ കുട്ടികളെ ഇവിടെ പഠിപ്പിക്കുകയുള്ളു. അതിന് ശേഷം കുട്ടികൾ ഏതെങ്കിലും സർക്കാർ ചേരുമെന്ന് ഉറപ്പുവരുത്തും. ഇന്ന് 112 വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. പഠനം മാത്രമല്ല, താമസം, ഭക്ഷണം, യൂണിഫോം, പഠിക്കാനുള്ള പുസ്തകങ്ങൾ എന്നിവയും സൗജന്യമായി നൽകും.
ആദ്യം കുട്ടികളെ സ്കൂളിൽ വിടുന്നതിൽ സബർ ഗോത്രക്കാർക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ ഇന്ന് തങ്ങളുടെ കുട്ടികളിൽ വന്ന മാറ്റം കണ്ട് ഗോത്രത്തിലെ നിരവധി പേർ സ്വയം തിരുത്തുകയും മറ്റു ജോലികളെടുത്ത് കുടുംബം പുലർത്താൻ തുടങ്ങിയെന്നും അരൂപ് പറയുന്നു. ഇതാണ് തന്നെ ഏറ്റവും സന്തോഷിപ്പിച്ചതെന്നും അരൂപ് പറയുന്നു.
സൗത്ത് ട്രാഫിക് പോലീസ് ഗാർഡായ അരൂപ് ജോലി കഴിഞ്ഞ് ഉടൻ തന്നെ തന്റെ കുട്ടികളുടെ അടുത്തേക്ക് ഓടി വരും. ‘ദാദ’ എന്നും ‘ബാബ’ എന്നും വിളിച്ച് അരൂപിനു ചുറ്റും ഓടിക്കൂടുന്ന ഈ കുട്ടികളും ഇവരുടെ വിദ്യാലയവുമാണ് ഇന്ന് അരൂപിന്റെ ലോകം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here