മൂന്നാറിൽ ഏക്കറുകളുടെ കയ്യേറ്റം; വൻകിട കയ്യേറ്റക്കങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു; നടപടി സാധാരണക്കാരനെതിരെ മാത്രം

മൂന്നാർ മേഖലയിൽ 31 വൻകിട കൈയ്യേറ്റക്കാർ കൈവശം വച്ചിരിക്കുന്നത് 279 ഏക്കർ ഭൂമി. കൈയേറ്റം പുറത്തുവരുമ്പോൾ രണ്ടും മൂന്നും സെന്റ് കൈയേറിവർക്കെതിരെ നടപടിയെടുക്കുന്ന അധികൃതർ വൻകിട കൈയേറ്റക്കാരെ കണ്ടില്ലെന്ന് നടിക്കുന്നു. ഒഴിപ്പിക്കാൻ നടപടിയെടുത്ത 76 കൈയേറ്റങ്ങളിൽ അറുപത്തിയാറും ഒരേക്കറിൽ കുറവുള്ള കൈയേറ്റമാണ്.
മൂന്നാറിലെ 226 കൈയേറ്റങ്ങളിൽ പലതിലും നടപടിയെടുത്തുവെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഇതെല്ലാം നാലും അഞ്ചും സെന്റ് കൈയേറിവർക്കെതിരെ ആയിരുന്നു എന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ദേവികുളം വയൽക്കടവ് എസ്‌റ്റേറ്റിലെ 50 ഏക്കർ കൈയേറിയിട്ടുള്ളത് 15 പേരാണ്. പള്ളിവാസലിൽ ഒരു വ്യക്തി മാത്രമായി 30 ഏക്കർ കൈയേറി. പള്ളി വാസലിൽ തന്നെ മറ്റൊരു സ്വകാര്യ വ്യക്തി 25 ഏക്കർ കൈയേറി കൈവശം വച്ചിരിക്കുന്നു. ചിന്നക്കനാലിൽ 21 ഏക്കറിലാണ് കൈയേറ്റം. ചിന്നക്കനാലിൽ തന്നെ 12 ഏക്കർ ആദിവാസി ഭൂമിയാണ് കൈയേറിയിരിക്കുന്നത്. ഇങ്ങനെ 31 വൻകിട കൈയേറ്റത്തിലൂടെ നഷ്ടപ്പെട്ടത് 279 ഏക്കർ ഭൂമിയും. എന്നാൽ ഈ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. കൈയേറ്റഭൂമിയുടെ വ്യാപ്തി പോലും അറിയാത്ത 19 കൈയേറ്റങ്ങളും മൂന്നാർ മേഖലയിലുണ്ട്.
കൈയേറ്റങ്ങളുടെ വ്യാപ്തി റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിന്റെ പതിന്മടങ്ങാകാം. എന്നാൽ റവന്യൂ അധികൃതർ തന്നെ റിപ്പോർട്ട് ചെയ്ത കണക്ക് അനുസരിച്ചാണ് 398 ഏക്കർ മൂന്നാർ പ്രദേശത്ത് കൈയേറിയിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. ഈ കൈയേറ്റങ്ങളിൽ പോലും നടപടിയില്ല. ഇനി ആരുടെയൊക്കെ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കാൻ നടപടി തുടങ്ങിയതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഒരു സെന്റ് മുതൽ അഞ്ച് സെന്റ് വരെയുള്ള കൈയേറ്റക്കാർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. ഭൂ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എട്ട് കേസുകളിൽ അന്വേഷണം നടന്നിട്ടുണ്ടെങ്കിലും പിന്നീട് മുന്നോട്ട് പോയിട്ടില്ല. കാരണം ഇവരുടെ കൈയേറ്റമെല്ലാം ഒരേക്കറിനു മുകളിലുള്ള വൻകിട കൈയേറ്റമാണ്. 2007 ൽ വി.എസ് സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് പ്രത്യേക ദൗത്യ സേന മൂന്നാർ ഓപ്പറേഷൻ നടത്തി കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചത്. വിവാദത്തിലായതോടെ ഈ ഒഴിപ്പിക്കലും നിലച്ചു. എന്നാൽ ഇതിനുശേഷം പതിനൊന്ന് വർഷം പിന്നിടുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട കൈയ്യേറ്റം പോലും ഒഴിപ്പിക്കാനാകാത്ത അവസ്ഥയിലാണ് റവന്യൂ വകുപ്പ്. രാഷ്ട്രീയ നേതൃത്വങ്ങൾ കനിയാതെ ഒഴിപ്പിക്കലും നടക്കില്ലെന്ന തിരിച്ചറിവിലാണ് ഇവർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here