Advertisement

‘നമ്മള് പെണ്ണുങ്ങള് മിണ്ടാണ്ട് വന്നു നക്കീട്ട് പൊയ്‌ക്കൊള്ളണം’; സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചൊരു കുറിപ്പ്

December 20, 2018
Google News 1 minute Read

വിവാഹ വീടുകളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചുള്ള തുറന്നെഴുത്തുമായി ആയിഷാ മഹ്മൂദ് രംഗത്ത്. വിവാഹ വീടുകളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിവിധ തരത്തിലുള്ള വിവേചനങ്ങളെ കുറിച്ചും മോശം അനുഭവങ്ങളെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ആയിഷ മഹ്മൂദ്.

“നമ്മള് പെണ്ണുങ്ങള് പക്ഷെ മിണ്ടാണ്ട് വന്നു നക്കീട്ടു പൊയ്ക്കൊള്ളണം. മനസില്ല. ഇനി എന്നെ വിളിക്കുന്ന എല്ലാ വിവാഹത്തിനും ഞാൻ മുന്നിൽ കൂടെ, ആണുങ്ങളുടെ ഇടയിലൂടെ ആണ് ആ വഴി എങ്കിൽ അങ്ങനെ, കയറും. ആദ്യം വിളമ്പി തിന്നും. സ്റ്റേജിൽ കയറി പിയാപ്ലയെ അടക്കം അനുമോദിക്കും. പറ്റാത്തവർ വിളിക്കണ്ട. 200 രൂപയുടെ ബിരിയാണിക്ക് വേണ്ടി രണ്ടാം പൗര ആവാൻ സൗകര്യമില്ല.”- ‘ഫെമിനിച്ചി പാത്തു’ എന്ന പേരില്‍ ആയിഷ മഹ്മൂദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

വിവാഹവീടുകളിൽ പതുങ്ങി കയറി, പിയാപ്ല വരുന്നത് ഒളിച്ചിരുന്ന് നോക്കി, മിക്കപ്പോഴും വിശാലമായ ഇടങ്ങൾ പുരുഷന്മാർക്ക് വിട്ടു വീടിന്റെയോ ഹാളിന്റെയോ ചെറു ഇടങ്ങളിൽ ഇടുങ്ങി കൂടിയും, മറയിൽ ഇരുന്ന ശേഷം പിരിഞ്ഞും, വീടുകളിൽ ആണെങ്കിൽ പുരുഷന്മാർക്ക് വിളമ്പിയ ശേഷം ഭക്ഷണം കഴിച്ചും ആണ് വിവാഹങ്ങൾ ഞങ്ങൾക്ക് പൊതുവെ.

പാട്ടു പാടിയതിനു ഒപ്പന കളിച്ചതിനു സ്റ്റേജിൽ പിയോട്ടിയും പിയാപ്ലയും ഒന്നിച്ചു നിന്നതിനു, കല്യാണത്തിന് മുന്നേ കൂട്ടുകാർ ഒരുമിച്ചു കേക്ക് മുറിച്ചു എൻഗേജ്‌മെന്റ് ആഘോഷിച്ചതിനു, എൻഗേജ്‌മെന്റിനു ചെക്കൻ പെണ്ണിന് മോതിരം ഇട്ടതിനു (വിവാഹത്തിന് മുന്നേ പെണ്ണിനെ തൊട്ടല്ലോ?!) കൈ കഴുകുന്ന സ്ഥലത്തു ആണിനും പെണ്ണിനും വാഷ് ബേസിൻ ഒരേ വരിയിൽ ആയതിനു (തല തിരിച്ചു നോക്കിയാൽ പരസ്പരം കാണാം പോലും!), ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് പാട്ടു പാടിയതിനു,പെണ്ണുങ്ങളുടെ ഇടയിൽ ആൺ ഫോട്ടോഗ്രാഫർ പെരുമാറിയതിന്… ഒക്കെ പള്ളികമ്മിറ്റിയുടെ അന്വേഷണ മുറകളും മാപ്പു പറച്ചിലുകളും അവഹേളനവും വളരെ സാധാരണമാണ്.

ഇനി ഭാര്യയെ അടിക്കുന്ന, പീഡിപ്പിക്കുന്ന, രഹസ്യ വിവാഹങ്ങളും ഒന്നിൽ കൂടുതൽ വിവാഹങ്ങളും കഴിച്ച പുരുഷന്മാർ ഇതേ പള്ളികളിൽ ഉണ്ട്. വ്യക്തിപരമായി അറിയാവുന്ന കേസുകൾ. ഭാര്യയെ സംശയമായി കട്ടിലിനടിയിൽ ഒളിച്ചിരുന്ന് അവളെ വാച്ച് ചെയ്തവൻ ഒരുത്തൻ ഉണ്ടായിരുന്നു , അവളെ അടിച്ചു ചോര തുപ്പിച്ചവൻ രണ്ടു ഭാര്യമാരെ – അവനിപ്പോ മൂന്നാമതും ഇതേ പള്ളിക്കാര് കാർമികത്വം വഹിച്ചു വിവാഹിതനായി. വേറൊരുത്തൻ, പ്രൊഫെസ്സർ ആണ്- പള്ളിയിലെ ബുദ്ധിജീവി- ഭാര്യ പള്ളിയെ സമീപിച്ചപ്പോൾ ഒതുക്കി വിട്ടു. ഇവരെയൊന്നും പള്ളിയോ മതവികാരികളോ ചോദ്യം ചെയ്യില്ല, ശിക്ഷിക്കില്ല, വിറകുകൊള്ളിക്കായി ഉണക്കില്ല.

നമ്മള് പെണ്ണുങ്ങള് പക്ഷെ മിണ്ടാണ്ട് വന്നു നക്കീട്ടു പൊയ്ക്കൊള്ളണം.

മനസില്ല. ഇനി എന്നെ വിളിക്കുന്ന എല്ലാ വിവാഹത്തിനും ഞാൻ മുന്നിൽ കൂടെ, ആണുങ്ങളുടെ ഇടയിലൂടെ ആണ് ആ വഴി എങ്കിൽ അങ്ങനെ, കയറും. ആദ്യം വിളമ്പി തിന്നും. സ്റ്റേജിൽ കയറി പിയാപ്ലയെ അടക്കം അനുമോദിക്കും. പറ്റാത്തവർ വിളിക്കണ്ട. 200 രൂപയുടെ ബിരിയാണിക്ക് വേണ്ടി രണ്ടാം പൗര ആവാൻ സൗകര്യമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here