Advertisement

റോഡ് തകര്‍ന്ന സംഭവം: യുഡിഎഫ് സാഹചര്യത്തെ സുവര്‍ണാവസരമാക്കിയെന്ന് മന്ത്രി റിയാസ്; മഴ പെയ്യിച്ചത് യുഡിഎഫോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

3 hours ago
Google News 4 minutes Read
minister muhammed riyas and rahul mamkoottathil fb post on road collapse issue

മലപ്പുറത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ ഫേസ്ബുക്കില്‍ പോര് തുടരുന്നു. ദേശീയപാതാ വികസനം മുടക്കിയത് യുഡിഎഫ് എന്ന് മന്ത്രി റിയാസ് ഫേസ്ബുക്കിലൂടെ ആരോപിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മറുപടി നല്‍കിയതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. യുഡിഎഫ് സാഹചര്യത്തെ സുവര്‍ണാവസരമാക്കിയെന്ന് മന്ത്രി റിയാസ് ആരോപിച്ചപ്പോള്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കരുതെന്നായിരുന്നു രാഹുലിന്റെ മറുപടി പോസ്റ്റ്. ദേശീയപാതകളുടെ ക്രെഡിറ്റും ഉത്തരവാദിത്തവും ആര്‍ക്കെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ദേശീയപാത വികസനം തടഞ്ഞതാരെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നത്. ( minister muhammed riyas and rahul mamkoottathil fb post on road collapse issue)

ദേശീയപാതാ വികസനം തുടക്കം മുതല്‍ മുടക്കാന്‍ ശ്രമിച്ച യുഡിഎഫ് ഇപ്പോഴത്തെ സാഹചര്യത്തെ അവസരമായി കണ്ടാല്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് മന്ത്രി റിയാസിന്റെ പോസ്റ്റ്. ദേശീയ പാത ഒരു ചെറു മഴയത്ത് തകര്‍ന്നടിഞ്ഞു ജനങ്ങള്‍ക്ക് അപകടം ഉണ്ടാക്കിയതിനെ പറ്റി പറയുമ്പോള്‍ അങ്ങ് മറ്റെന്തൊക്കെയോ പൊള്ളത്തരം പറഞ്ഞ് അത് മറയ്ക്കാന് ശ്രമിക്കുന്നുവെന്ന് മറുപടി പോസ്റ്റിലൂടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

Read Also: ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ രൗദ്രഭാവം, സിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി മാറ്റി: പ്രധാനമന്ത്രി

മന്ത്രി മുഹമ്മദ് റിയാസിന്റെ പോസ്റ്റ് ഇങ്ങനെ:

NH 66 നിര്‍മ്മാണത്തിനിടയില്‍ ചിലയിടങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും.
സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ UDF,പൂര്‍ത്തീകരണ ഘട്ടത്തില്‍ സാഹചര്യത്തെ സുവര്‍ണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഇതിനോടുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പ്രതികരണം ഇങ്ങനെ:

ശ്രീ റിയാസ്,
ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുക എന്ന് പറയുന്നത് അങ്ങ് കേട്ടിട്ടില്ലേ? അത് പോലെയാണ് കള്ളത്തരം കൊണ്ട് കഴിവ്‌കേടിനെ താങ്കള്‍ മറയ്ക്കുന്നത്.
ദേശീയ പാത ഒരു ചെറു മഴയത്ത് തകര്‍ന്നടിഞ്ഞു ജനങ്ങള്‍ക്ക് അപകടം ഉണ്ടാക്കിയതിനെ പറ്റി പറയുമ്പോള്‍ അങ്ങ് മറ്റെന്തൊക്കെയോ പൊള്ളത്തരം പറഞ്ഞു അത് മറക്കാന്‍ ആണ് ശ്രമിക്കുന്നത്.
ദേശീയ ഹൈവേയുടെ പണി പൂര്‍ത്തീകരിച്ച സ്ഥലത്ത് ഒക്കെ ആ നിര്‍മ്മാണവുമായി പുലബന്ധം പോലും ഇല്ലാത്ത താങ്കളുടെ പരിവാരങ്ങള്‍ക്കൊപ്പം പോയി ക്രെഡിട്ട് പരേഡ് നടത്തിയ അങ്ങ് റോഡ് തകരുന്നതിന്റെ ഉത്തരവാദിത്വം ഏറ്റടുക്കാത്തതിനെ പറ്റി ചോദിക്കുമ്പോള്‍, UDF പ്രതിസന്ധിയിലാക്കുന്നു എന്ന് പറയുന്നതിന്റെ യുക്തി എന്താണ്?
അവിടെ മഴ പെയ്യിച്ചത് UDF ആണോ?
അതോ മഴയ്ക്ക് പകരം ഞങ്ങള്‍ കിണ്ടിയില്‍ വെള്ളം കൊണ്ട് വന്നു ഒഴിച്ചതാണോ?
പിന്നെ UDF ഭരണകാലത്ത് താങ്കളുടെ ജില്ലയായ കോഴിക്കോട് അടക്കം ദേശീയ ഹൈവേക്ക് എതിരെ സമരം ചെയ്ത സജീവന്‍ അടക്കമുള്ളവര്‍ അങ്ങയുടെ പാര്‍ട്ടിക്കാര്‍ അല്ലായിരുന്നോ?
കണ്ണൂരില്‍ സമരം ചെയ്ത വയല്‍ക്കിളികള്‍ CPMകാരല്ലേ? അതിന്റെ നേതാവ് കീഴാറ്റൂര്‍ സുരേഷിന്റെ പാര്‍ട്ടി സിപിഎം അല്ലേ ? എന്നിട്ട് പച്ച നുണ പറയാന്‍ നാണമില്ലേ?
പിന്നെ ദേശീയ പാത നിര്‍മ്മാണത്തിലെ കാരണം ആയ ഭൂമി ഏറ്റടുക്കലിന് ഗുണപരമായ compensation നിയമം കൊണ്ട് വന്നത് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അല്ലേ?
ഇതൊക്കെ അറിഞ്ഞിട്ടും താങ്കളുടെ ഈ ജല്പനം താങ്കളുടെ ക്രെഡിറ്റ് എടുക്കല്‍ തട്ടിപ്പ് പൊളിഞ്ഞതിന്റെ ആണ്..
ഇപ്പോഴും മനസിലാകാത്തത് ദേശീയ പാത നിര്‍മ്മാണവും അങ്ങയുമായുള്ള ബന്ധം എന്താണ്?

Story Highlights : minister muhammed riyas and rahul mamkoottathil fb post on road collapse issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here