നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വീണ്ടും സോണിയ ഗാന്ധിക്ക് തിരിച്ചടി

herald

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വീണ്ടും സോണിയ ഗാന്ധിക്ക് തിരിച്ചടി. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡിന്‍റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പതിനഞ്ച് ദിവസത്തിനകം കെട്ടിടം ഒഴിയണമെന്ന് കോടതി ഉത്തരവിട്ടു.
ഡല്‍ഹി ഐടിഓയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് നവംബര്‍ 30നാണ് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള ലാന്‍ഡ് ആന്‍റ് ഡെവലപ്മെന്‍റ് ഓഫീസ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിനറ്റഡിന് നോട്ടീസ് നല്‍കിയത്. അമ്പത്തിയാറ് വര്‍ഷത്തേക്കാണ് കെട്ടിടം ഉപയോഗിക്കുന്നതിനുള്ള കരാര്‍. ഇതിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു കേന്ദ്രത്തിന്‍റെ നടപടി. ഇതിനെതിരെയാണ് അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും, പത്ര സ്വതാന്ത്ര്യത്തിനെതിരാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.

ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് വേണ്ടിയാണ് കെട്ടിടം ലീസിന് നല്‍കിയതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെ ഒരു പത്ര സ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വാണിജ്യാവശ്യങ്ങള്‍ക്കാണ് കെട്ടിടം ഉപയോഗിക്കുന്നതെന്നും കേന്ദ്രം വാദിച്ചു. ഇത് അംഗീകരിച്ചാണ് അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്‍റെ ഹര്‍ജി തള്ളിയത്. രണ്ടാഴ്ച്ചക്കകം കെട്ടിടം ഒഴിയണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ എജെഎല്‍ സുപ്രിം കോടതിയെ സമീപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top