45 യുവതികൾ ഇന്ന് ശബരിമലയിൽ എത്തും

ചെന്നൈയിലെ മനീതിയെന്ന സംഘടനയുടെ നേതൃത്വത്തിൽ 45 സ്തീകൾ ഇന്ന് വൈകിട്ടോടെ ശബരിമലയിലേയ്ക്ക് തിരിക്കും. പല സംഘങ്ങളായി എത്തിയ ശേഷം കോട്ടയത്ത് സംഗമിച്ച് അവിടെനിന്ന് ഒരുമിച്ച് പമ്പയിലേയ്ക്ക് പോകാനാണ് തീരുമാനം. ചെന്നൈ, മധുര, കർണാടക,ഒഡീഷ,എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളാണ് എത്തുന്നതെന്ന് ആണ് മനീതി സംഘടന പറയുന്നത്.
അതേസമയം, ആന്ധ്രയിൽ നിന്നും യുവതി ശബരിമല ദർശനത്തിന് എത്തുന്നെന്ന വാർത്ത നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. പമ്പ ഗണപതി ക്ഷേത്രത്തിൽ പോകാനാണ് വന്നതെന്നും ശബരിമലയിൽ പോകില്ലെന്നും സ്ത്രീയുടെ ഭർത്താവ് പോലീസിന് ഉറപ്പു നൽകി. യുവതി പമ്പയിൽ തങ്ങുകയും കൂടെയുള്ളവർ മലകയറുകയും ചെയ്തതോടെയാണ് പോലീസിന് ആശ്വാസമായത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് 22 അംഗ തീർത്ഥടകർക്കൊപ്പം ആന്ധ്രാ സ്വദേശിനിയായ 43 കാരി വിജയലക്ഷ്മി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയത്.കറുപ്പുവസ്ത്രങ്ങളും കഴുത്തിൽ മാലയും ധരിച്ച ഇവരുടെ ഫോട്ടോ വളരെ വേഗമാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചത്. ഇതോടെ
ശബരിമല ദർശനത്തിന് യുവതിയെത്തുന്നുവെന്ന വാർത്തയും പുറത്തുവന്നു. കോട്ടയത്തുനിന്നും ടെന്പോ ട്രാവലറിൽ എരുമേലിയിലെത്തിയ തീർത്ഥാടകസംഘത്തെ ഏതാനും ശബരിമല കർമ്മസമിതി പ്രവർത്തകർ തടഞ്ഞു.തുടർന്ന് പോലീസ് ഇടപെട്ട് ചർച്ച നടത്തി. പമ്പ വരെ മാത്രമേ പോവുകയുള്ളൂവെന്നും ഇതിനുള്ള അവസരം ഒരുക്കണമെന്നും വിജയലക്ഷ്മി യുടെ ഭർത്താവ് ശ്രീനിവാസ റെഡ്ഡി പോലീസിനോട് ആവശ്യപ്പെട്ടു,.
തുടർന്ന് പോലീസ് ഇവരെ പോകാൻ അനുവദിച്ചു.ഇതോടെ യുവതി ദർശനത്തിനായി ശബരിമലയിലേക്ക് തിരിച്ചുവെന്നായി പ്രചരണം. നിലയ്ക്കലിൽ പോലീസ് ഇവരെ പമ്പയിലേക്ക് കടത്തിവിട്ടൂവെങ്കിലും തുടർന്ന് വാഹനം ഓടിക്കാൻ ഡ്രൈവർ വിസമ്മതിച്ചു. കോട്ടയം മുതൽ നിലയ്ക്കൽ വരെ വധഭീഷണിയുമായി നിരവധി കോളുമാണ് തനിക്ക് വന്നതാണ് പിന്തിരിയാൻ കാരണമെന്ന് ഡ്രൈവർ വ്യക്തമാക്കി. തുടർന്ന് തീർത്ഥാട സംഘത്തെ നിലയ്ക്കലിലെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി.തങ്ങൾ വിശ്വാസികളാണെന്നും ശബരിമലയിലെ ആചാരാനുഷ്ടാങ്ങൾ കൃത്യമായി അറിയാവുന്നതാണെന്നും ശബരിമലയിലേക്ക് വിജയലക്ഷ്മി പോകില്ലെന്നും ഭർത്താവ് വീണ്ടും പോലീസിന് ഉറപ്പുനൽകി. പമ്പയിലെത്തിയപ്പോൾ വിജയലക്ഷ്മിയോട് പോലീസ് കൺട്രോൾ റൂമിൽ ഇരിക്കാൻ നിർദേശിച്ച പോലീസ് മറ്റുള്ളവർ ശബരിമലയിൽ ദരർശനം നടത്തുമെന്ന് വ്യക്തമാക്കുകയായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here