പാലിയേക്കര ടോൾ പ്ലാസയിൽ ഒന്നരക്കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര; ടോൾബൂത്ത് തുറന്നുകൊടുത്ത് കളക്ടർ

പാലിയേക്കര ടോൾ പ്ലാസയിലെ വാഹനക്കുരുക്കിൽ കുടുങ്ങിയ ജില്ലാ കളക്ടർ ടിവി അനുപമ ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ടോൾ പ്ലാലയ്ക്ക് ഇരുവശത്തുമായി ഒന്നരക്കിലോമീറ്ററോളം നീണ്ട വാഹനനിരയുണ്ടായിട്ടും വാഹനങ്ങൾ കടത്തിവിടാത്തതിന് ടോൾപ്ലാസ ജീവനക്കാരെയും പോലീസിനെയും രൂക്ഷമായി ശാസിച്ച കളക്ടർ ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ജില്ലാ കളക്ടർമാരുടെ യോഗം കഴിഞ്ഞു വരികയായിരുന്നു അനുപമ. ഈ സമയം ടോൾപ്ലാസയ്ക്ക് ഇരുവശത്തും ഒന്നരക്കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ദേശീയപാതയിലെ വാഹനത്തിരക്കിൽപ്പെട്ട കളക്ടർ 15 മിനിറ്റ് കാത്തുനിന്നശേഷമാണ് ടോൾബൂത്തിനു മുന്നിലെത്തിയത്.
ടോൾപ്ലാസ സെന്ററിനുള്ളിൽ കാർ നിർത്തിയ കളക്ടർ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിർത്തി വലയ്ക്കുന്നതിന്റെ കാരണമാരാഞ്ഞു. തുടർന്ന് ടോൾപ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here