സൗദി അറേബ്യയിൽ മൂന്ന് മാസത്തിനിടെ പ്രവർത്തനം നിർത്തിയത് 3500 ചെറുകിട കരാർ കമ്പനികൾ

സൗദി അറേബ്യയിൽ മൂന്ന് മാസത്തിനിടെ 3500 ചെറുകിട കരാർ കമ്പനികൾ പ്രവർത്തനം നിർത്തിയതായി റിപ്പോർട്ട്. മതിയായ സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്ഥാപനങ്ങളെ നഗര വികസന മന്ത്രാലയത്തിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ ഇന്ത്യക്കാർ ഉൾപ്പെടെ 16,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്.
രാജ്യത്തെ ചെറുകിട കോൺട്രാക്ടിംഗ് കമ്പനികളിൽ 12.5 ശതമാനം മൂന്ന് മാസത്തിനിടെ പ്രവർത്തനം അവസാനിപ്പിച്ചു. കരാർ വ്യവസ്ഥയിൽ നിർമാണ ജോലികൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയവയിൽ ഏറെയും. ഇലക്ട്രിക്കൽ ജോലികൾ, ജലവിതരണം, ക്ലീനിംഗ് തുടങ്ങിയ ജോലികൾ കരാർ വ്യവസ്ഥയിൽ ഏറ്റെടുത്തിരുന്ന സ്ഥാപനങ്ങളും പൂട്ടിയവയിൽ ഉൾപ്പെടും.
റിയാദ് പ്രവിശ്യയിലെ 1,562 കോൺട്രാക്ടിംഗ് കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു. ദമാം, ജിദ്ദ എന്നിവിടങ്ങളിൽ അറുനൂറിലധികം കമ്പനികളും പൂട്ടി. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷം മുതൽ ചെറുകിട കരാർ കമ്പനികൾക്ക് നഗരവികസന മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാക്കിയിരുന്നു. ഇതുസംബന്ധിച്ച് തയ്യാറാക്കിയ പട്ടികയിലാണ് ചെറുകിട സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചതായി കണ്ടെത്തിയത്.
പ്രവർത്തനം അവസാനിപ്പിച്ച സ്ഥാപനങ്ങൾ സ്വദേശികളെ നിയമിച്ച് നഗരവികസന മന്ത്രാലയത്തിന്റെ പട്ടികയിൽ ഇടം നേടാൻ അവസരം ഉണ്ട്. എന്നാൽ ചെറുകിട കോൺട്രാക്ടിംഗ് സ്ഥാപനങ്ങൾക്ക് മതിയായ സ്വദേശികളെ നിയമിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. അതേസമയം, സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചതോടെ തൊഴിൽ നഷ്ടപ്പെട്ടവരിലേറെയും ഇന്ത്യ, പാക്കിസ്ഥാൻ, ബ്ഗഌദേശ് എന്നിവിടങ്ങളിൽ നിന്നുളളവരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here