Advertisement

ഛത്തീസ്ഗഢിലെ ബസ്തറിൽ ടാറ്റ സ്റ്റീൽ പ്ലാൻറിന് വേണ്ടി ഏറ്റെടുത്ത ഭൂമി കർഷകർക്ക് തിരിച്ച് നൽകുന്നു

December 25, 2018
0 minutes Read
Chhattisgarh to return tribal land acquired for Tata Steel in Bastar

ഛത്തീസ്ഗഢിലെ ബസ്തറിൽ ടാറ്റ സ്റ്റീൽ പ്ലാൻറിന് വേണ്ടി ഏറ്റെടുത്ത ഭൂമി കർഷകർക്ക് തിരിച്ച് നൽകുന്നു. 2008ൽ ബിജെപി സർക്കാർ ഏറ്റെടുത്ത 1764 ഹെക്ടർ ഭൂമിയാണ് പുതുതായി അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ കർഷകർക്ക് തിരികെ നൽകുന്നത്. തീരുമാനം നടപ്പിലാക്കുന്നതിനുള്ള രൂപ രേഖ തയ്യാറാക്കി അടുത്ത മന്ത്രിസഭ യോഗത്തിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി ഏറ്റെടുത്ത് ഉപയോഗ ശ്യൂന്യമായി കിടക്കുന്ന കാർഷിക ഭൂമി കർഷകർക്ക് തിരികെ നൽകുമെന്നത് കോൺഗ്രസിൻറെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. അധികാരത്തിലെത്തി ദിവസങ്ങൾക്കകം തന്നെ ട്രൈബൽ ഭൂരിപക്ഷ മേഖലയായ ബസ്തറിൽ രമൺ സിംഗ് സർക്കാർ ഏറ്റെടുത്ത കാർഷിക ഭൂമി തിരിച്ച് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് സർക്കാർ. ടാറ്റ സ്റ്റീൽ പ്ലാൻറിന് വേണ്ടി 2008ൽ 1764.61 ഹെക്ടർ ഭൂമിയാണ് ബസ്തറിലെ പത്ത് ഗ്രാമങ്ങളിലുള്ള 1707 കർഷകരിൽ നിന്ന് ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്ത വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ വ്യവസായ സംരംഭം ടാറ്റക്ക് തുടങ്ങാനായില്ല. 2016ൽ പദ്ധതി ഉപേക്ഷിച്ചു. ഇതിന് ശേഷം ഭൂമി തിരികെ നൽകണമെന്നാവശ്യപ്പെട്ട് കർഷകരും സന്നദ്ധ സംഘടനകളും രംഗത്ത് വന്നിരുന്നെങ്കിലും രമൺ സിംഗ് സർക്കാർ തയ്യാറായില്ല.

മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഭൂമി തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭൂമി തിരികെ നൽകാനുള്ള തീരുമാനം എടുത്തതായി മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിൻറെ ഓഫീസ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള രൂപ രേഖ തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടെ നിർദേശിച്ചതായും അടുത്ത മന്ത്രിസഭ യോഗത്തിൽ ഇത് പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും വാർത്താ കുറിപ്പിൽ പറയുന്നു. .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top