തന്നെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി സെൽ ഫോൺ ടവറിൽ കയറി ഭീഷണി മുഴക്കി യുവാവ്

പാക്കിസ്ഥാൻ പോലീസിനെ മണിക്കൂറുകളോളം വട്ടം കറക്കി വിചിത്ര ആവശ്യവുമായി പാക്കിസ്ഥാൻ യുവാവിന്റെ ആത്മഹത്യ ഭീഷണി. തന്നെ പാക്കിസ്താൻ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായിട്ടാണ് മാനസികാസ്വസ്ഥമുള്ള പാക്കിസ്താനി യുവാവ് സെൽ ഫോൺ ടവറിൽ കയറി ഭീഷണി മുഴക്കിയത്. രക്ഷാപ്രവർത്തകരുടേയും പോലീസിന്റേയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാൾ താഴെ ഇറങ്ങാൻ തയാറായത്.
ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയിലാണ് മാനസികാസ്വസ്ഥമുള്ള മുഹമ്മദ് അബ്ബാസ് എന്ന യുവാവ് പാക്കിസ്താന്റെ പതാകയുമായി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ആത്മഹത്യാ ഭീഷണി മുഴക്കുന്നതിന് മുൻപ് തന്നെ ഇദ്ദേഹം പോലീസിനേയും രക്ഷാപ്രവർത്തകരേയും വിളിച്ചറിയിച്ചിരുന്നു. പാക്കിസ്താന്റെ കടമെല്ലാം അടച്ചു തീർക്കാനും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കര കയറ്റാനും തനിക്ക് കഴിയുമെന്നും അതിനാൽ തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യമായിരുന്നു ഇയാൾ മുന്നോട്ട് വെച്ചത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ താനുമായി ചർച്ചക്ക് തയാറാവാതെ ടവറിൽ നിന്ന് താഴെയിറങ്ങില്ല എന്നറിയിച്ചതോടെ ഇദ്ദേഹത്തിന്റെ ഈ ആവശ്യം പോലീസ് അംഗീകരിക്കുകയായിരുന്നു. എന്നാൽ തന്റെ ആവശ്യം ഇമ്രാൻ ഖാൻ നേരിട്ടെത്തി അംഗീകരിക്കണമെന്ന് അറിയച്ചതോടെ പോലീസ് വീണ്ടും കുഴങ്ങി. ഒടുവിൽ യുവാവിനെ താഴെയിറക്കാൻ പൊലീസ് മിമിക്രി കലാകാരനായ ഷഫാത് അലിയുടെ സഹായം തേടി. തുടർന്ന് അഞ്ച് മിനിറ്റ് നേരം ഇമ്രാൻ ഖാന്റെ ശബ്ദത്തിൽ ഇദ്ദേഹവുമായി സംസാരിച്ച ശേഷമാണ് മുഹമ്മദ് അബ്ബാസ് ടവറിൽ നിന്നും താഴെയിറങ്ങാൻ തയ്യാറായത്. താഴെയിറങ്ങിയ ഉടൻ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് അടുത്തുള്ള സ്റ്റേഷനിൽ എത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here