സംസ്ഥാന സർക്കാരിന്റെ വനിതാമതിലിന് ബദലായി ശബരിമല കർമ്മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി തെളിക്കൽ ഇന്ന്

സംസ്ഥാന സർക്കാരിന്റെ വനിതാമതിലിന് ബദലായി ശബരിമല കർമ്മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി തെളിക്കൽ ഇന്ന്. കാസർഗോഡ് മുതൽ കന്യാകുമാരി വരെയാണ് പരിപാടി. അയ്യപ്പ ജ്യോതിയെ എൻ എസ് എസ് പിന്തുണക്കുമ്പോൾ സി പി എമ്മും കോൺഗ്രസും എതിർക്കുകയാണ്.
ശബരിമലകർമ്മസമിതിയുടെ നേതൃത്വത്തിലാണ് അയ്യപ്പ ജ്യോതി തെളിക്കൽ സംഘടിപ്പിക്കുന്നത്. വൈകിട്ട് ആറ് മുതൽ ഏഴ് വരെയാണ് പരിപാടി. സർക്കാർ പ്രഖ്യപിച്ച വനിതാമതിലിന് ബദലായി സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഴുവൻ സംഘപരിവാർ സംഘടനകളും അണിനിരക്കുന്നുണ്ട്. കാസർഗോഡ് മുതൽ അങ്കമാലി വരെ ദേശീയ പാത കേന്ദ്രീകരിച്ചും അവിടുന്നങ്ങോട്ട് എംസി റോഡിലുമായാണ് അയ്യപ്പജ്യോതി തെളിക്കുന്നത്. മുൻപ് പാറശ്ശാലയിൽ അവസാനിപ്പിക്കാൻ നിശ്ചയിച്ച പരിപാടി നിലവിൽ കന്യാകുമാരി വരെ നീട്ടിയിട്ടുണ്ട്. എസ്എൻഡിപി പരിപാടിയിൽ നിന്നും വിട്ട് നിൽക്കുന്‌പോൾ എൻ എസ് എസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ഉണ്ടായ വിവാദങ്ങൾ അയ്യപ്പജ്യോതിക്ക് സഹായകമായെന്ന വിലയിരുത്തൽ സംഘ പരിവാറിനുണ്ട്. അയ്യപ്പ ജ്യോതിയിൽ സഹകരിക്കുതെന്ന് സിപിഐഎം എൻഎസ്എസിനോട് അഭ്യർത്ഥിച്ചെങ്കിലും അനുകൂലമായിരുന്നില്ല പ്രതികരണം. ഇതിനിടെ അയ്യപ്പ ജ്യോതിയോടും വനിതാ മതിലിനോടും സഹകരിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here