ഉംറ സീസണില്‍ ഇരുപത് ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായി റിപ്പോര്‍ട്ട്

ഈ ഉംറ സീസണില്‍ ഇരുപത് ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. നടപ്പു ഉംറ സീസണില്‍ ഇതുവരെ 23,86,346 ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 20,02,857 തീര്‍ഥാടകര്‍ ഇതിനകം സൗദിയിലെത്തി. 4,68,241 തീര്‍ഥാടകര്‍ ഇപ്പോള്‍ സൗദിയിലുണ്ട്. ഇതില്‍ 3,26,886 പേര്‍ മക്കയിലും ബാക്കിയുള്ളവര്‍ മദീനയിലുമാണ് ഇപ്പോഴുള്ളത്. 15,34,616 വിദേശ തീര്‍ഥാടകര്‍ ഈ സീസണില്‍ ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി.
പാകിസ്ഥാനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. 5,58,139 പേര്‍. ഇന്തോനേഷ്യയില്‍ നിന്ന് 3,62,038 തീര്‍ഥാടകരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 2,67,318 തീര്‍ഥാടകരും ഉംറ നിര്‍വഹിക്കാനെത്തി. മലേഷ്യയില്‍ നിന്ന് 1,27,385 പേരും യമനില്‍ നിന്ന് 99,588 പേരും ഉംറക്കെത്തിയതായി മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇവയ്ക്ക് പുറമേ ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെ അയക്കുന്ന ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ അള്‍ജീരിയ, തുര്‍ക്കി, യു.എ.ഇ, ബംഗ്ലാദേശ് എന്നിവയും ഉള്‍പ്പെടും. 1,648 വനിതകള്‍ ഉള്‍പ്പെടെ 9.634 ജീവനക്കാരാണ് വിവിധ സര്‍വീസ് ഏജന്‍സികള്‍ക്ക് കീഴില്‍ സൗദിയില്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here