മൃണാള്‍ സെന്‍ ഓര്‍മ്മയായി (ചിത്രങ്ങള്‍)

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസായിരുന്നു. രാഷ്ട്രീയ സിനിമയുടെ വക്താവും പ്രയോക്താവുമായി ലോകസിനിമയില്‍ ഇടംനേടിയ സംവിധായകനായിരുന്നു മൃണാള്‍ സെന്‍.
സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ മൃണാള്‍ സെന്‍ ലോക സിനിമയിലെ പൊളിറ്റിക്കല്‍ ഫിലിം മേക്കേഴ്‌സിന്റെ മുന്‍നിരയില്‍ സ്ഥാനം നേടിയ സംവിധായകനാണ്. ലോക സിനിമയിലെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന സംവിധായകനായിരുന്നു സെന്‍.
‘ഭുവന്‍ഷോം’ വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് മൃണാള്‍ സെന്‍ ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍, ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാനിലും ബെര്‍ലിനിലും ജൂറി അംഗവുമായിരുന്നു.
സംഘര്‍ഷഭരിതവും പ്രക്ഷുബ്ധവുമായ കൊല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുത്തുന്നവയാണ് സെന്നിന്റെ ആദ്യകാല ചിത്രങ്ങള്‍. അവയില്‍ത്തന്നെ കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു നില്‍ക്കുന്നവയാണ്. മുദ്രാവാക്യ ചിത്രങ്ങള്‍ എന്ന വിമര്‍ശനത്തിനിരയായ അക്കാലത്തെ പടങ്ങളില്‍ നിന്ന് കൂടുതല്‍ സാംഗത്യവും കെട്ടുറപ്പും രൂപഭദ്രതയുമുള്ള രചനകളിലേക്കുള്ള അദ്ദേഹം പിന്നീട് മാറി.
അക്കാലത്തെ ഖരീജ്, ഏക്ദിന്‍ പ്രതിദിന്‍, ഖാണ്ഡാര്‍, ഏക് ദിന്‍ അചാനക് തുടങ്ങിയ രചനകള്‍ ആശയസമ്പന്നതയും രാഷ്ട്രീയനിലപാടും ഒത്തുചേര്‍ന്നവയാണ്. സത്യജിത്ത് റേയെപോലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സെന്‍ അഞ്ച് തവണ നേടിയിട്ടുണ്ട്. 80 കഴിഞ്ഞിട്ടും സെന്‍ സിനിമ സംവിധാനം ചെയ്തിരുന്നു.
അവസാന രചനകളില്‍ ഏറെ ശ്രദ്ധേയമായ സിനിമകളിലൊന്നാണ് ലോക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന അമര്‍ ഭുവന്‍. ഇന്ത്യന്‍ രാഷ്ടീയ സിനിമയില്‍ സെന്നിന് ശേഷം കാര്യമായ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ഇന്ത്യന്‍ സിനിമയ്ക്ക് കനത്ത നഷ്ടമാണ് സെന്നിന്റെ വിയോഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here