Advertisement

വനിതാ മതില്‍ അനിവാര്യം; എന്‍എസ്എസ് അയ്യപ്പജ്യോതിയ്ക്ക് ഒപ്പം നിലകൊള്ളരുതായിരുന്നു; പിണറായി

December 31, 2018
Google News 0 minutes Read
water level may increase again says chief minister pinarayi vijayan

എന്‍എസ്എസ് അയ്യപ്പജ്യോതിയ്ക്ക് ഒപ്പം നിലകൊള്ളരുതായിരുന്നുവെന്ന് പിണറായി വിജയന്‍. സ്ത്രീകള്‍ക്കായി സ്ത്രീകള്‍ തീര്‍ക്കുന്ന പ്രതിരോധ മതിലിന് എതിരെ സ്ത്രീകളെ രംഗത്ത് ഇറക്കാനുള്ള ശ്രമം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ്  നവോത്ഥാന പാരമ്പര്യം പിന്തുടരുന്ന ഹിന്ദു സംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്. ഈ യോഗത്തില്‍ ഈ സാഹചര്യം വിശദീകരിക്കുകയും ചെയ്തു.  കേരളത്തിലെ നവോത്ഥാന പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് ഇത്തരം ഒരു ഇടപെടല്‍ ആവശ്യം ആണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് മഹിളാ സമാജം വനിതാ മതിലുമായി രംഗത്ത് എത്തുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണ്. അത് ഒരിക്കലും വര്‍ഗ്ഗസമരത്തിന് എതിരായ കാര്യം അല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.  ആര്‍എസ്എസ് സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ എന്‍എസ്എസ് പങ്കെടുക്കരുതായിരുന്നു. മതനിരപേക്ഷത തകര്‍ക്കാന്‍ നടന്ന ഒരു ഉദ്യമത്തില്‍ ഇത്തരം ഒരു സംഘടന ചേരാന്‍ പാടുണ്ടായിരുന്നോ എന്ന് ചിന്തിക്കണം. വനിതാ മതിലില്‍ പങ്കെടുത്താല്‍ നടപടി സ്വീകരിക്കുമെന്ന നിലപാട് സമദൂരം പാലിക്കുന്നോ എന്നത് സ്വയമേവ പരിശോധിക്കുന്നത് നല്ലത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ മതനിരപേക്ഷതയ്ക്ക് ഒപ്പം ചേരുകയാണ് വേണ്ടത്. സാധാരണ ആളുകള്‍ക്ക് ഈ ഘട്ടത്തില്‍ എന്‍എസ്എസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയാന്‍ പറ്റും. ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള വിധിയെ പോലും അംഗീകരിക്കാത്തവര്‍ ഭരണഘടനാമൂല്യങ്ങളേയും പൗരാവകാശങ്ങളേയുംമാണ് നിഷേധിക്കുന്നത്.

ആചാരങ്ങള്‍ മാറ്റുന്നത് കൊണ്ടാണ് തങ്ങള്‍ ഈ നിലപാട് സ്വീകരിക്കുന്നത് എന്ന് പറയുന്നത് ആര്‍ക്കും മനസിലാക്കാന്‍ പറ്റുന്നില്ല. നമ്മുടെ നാട്ടില്‍ ഏതെല്ലാം തരത്തിലുള്ള ആചാരങ്ങള്‍ നിലനിന്നിരുന്നു. മന്നത്ത് പദ്മനാഭനെ പോലുള്ളവര്‍ നടത്തിയ പ്രക്ഷോഭങ്ങളാണ് നായര്‍ വിഭാഗത്തില്‍ മരുമക്കത്തായ സമ്പ്രദായവും,  നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ സംബന്ധം ചെയ്യുന്ന രീതിയും ഒക്കെ മാറിയത്.

ആചാരത്തിന്റെ കാര്യം പരഞ്ഞാല്‍ ശബരിമലയിലെ ആചാരം മാറിയില്ലേ. ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത് തന്നെ ഒരു വലിയ മാറ്റമായിരുന്നു . മണ്ഡല മകരവിളക്കിനാണ് ആദ്യം നട തുറന്നത്. പിന്നീട് മലയാളമാസം ഓണത്തിനും മറ്റും നട തുറനക്കുന്ന രീതിയിലേക്ക് മാറി. ആദ്യം പതിനെട്ടാം പടിയിലാണ് തേങ്ങയുടച്ചിരുന്നത്. ഇപ്പോള്‍ റെഡിമെയ്ഡ് ഇരുമുടിക്കെട്ട് ലഭിക്കും. കറുപ്പും നീലയാണ് പണ്ട് ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ചിലര്‍ കാവിയുടുക്കുന്നുണ്ട്. ഭസ്മക്കുടത്തിലെ മുങ്ങിക്കുളിയ്ക്കും മാറ്റം വന്നു. പണ്ട് അവിടെ ശയനപ്രദക്ഷിണം ഉണ്ടായിരുന്നു. 41ദിവസത്തെ വ്രതാനുഷ്ഠാനത്തിനറെ തുടര്‍ച്ചയായിരുന്നു ശബരമില ദര്‍ശനം അതിലും മാറ്റം വന്നു. ആചാരമാറ്റങ്ങള്‍ ഇതിലെല്ലാം വന്നു. അന്ന് ഇല്ലാതിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍.
മഹാരാഷ്ട്രയില്‍ ശനി ക്ഷേത്രത്തില്‍ 400വര്‍ഷം പഴക്കമുള്ള ആചാരമാണ് മാറ്റിയത് അവിടെയും എതിര്‍പ്പ് ഉണ്ടായിരുന്നു. ഭീകരമായി പോലീസ് പ്രതിഷേധക്കാരെ മര്‍ദ്ദിച്ച് മാറ്റിയാണ് സ്ത്രീകളെ അകത്തേക്ക് കയറ്റിയത്. പൂജാരികള്‍ക്ക് ഉള്‍പ്പടെ അന്ന് പരിക്കേറ്റു. കോണ്‍ഗ്രസ് ബിജെപിയുമാണ് അവിടെ പ്രബലര്‍ എന്ന് ഓര്‍ക്കണം. ദര്‍ഗ്ഗയിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തിലാണ്. ഉഡുപ്പിയിലെ നടെ സ്നാന ആചാരവും ഇപ്പോള്‍ നിറുത്തലാക്കി. ശബരിമല സമരത്തിനൊപ്പമാണ്ഈ ആചാരം മാറ്റിയത്. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാറാണ് അവിടെ ഭരണത്തില്‍ ബിജെപി പ്രധാന കക്ഷിയാണ് അവിടെയെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിജിയുടെ സമരം സർക്കാർ ചെയ്യാവുന്നത് ചെയ്യും സമരം അവസാനിപ്പിക്കേണ്ടത് ആരംഭിച്ചവർ തന്നെയാണെന്നും പറഞ്ഞ മുഖ്യമന്ത്രി സഭാ തർക്കത്തില്‍ സർക്കാർ ഇടപെടുമെന്നും വ്യക്തമാക്കി. സഭാ തര്‍ക്കം സമവായത്തിൽ തീർക്കാൻ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് എതിരെ ഒരു സാമൂഹിക സംഘടനയ്ക്കും നടപടി എടുക്കാനാവില്ല. നവോത്ഥാന വിരുദ്ധരായി മാറാന്‍ ആ സംഘടനയക്ക് ആകില്ല . ആ വിഭാഗത്തില്‍ ഉള്ളവരും വനിതാ മതിലില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് സ്ത്രീകള്‍ തന്നെ തീരുമാനിക്കണം. പുരുഷന് തുല്യമായി ആരാധന സ്വാതന്ത്ര്യം ഇല്ലാത്തതാണ് ഇവിടെ ഉയര്‍ന്ന്  വരുന്ന വിഷയം. ആ വിഷയത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്.  സ്ത്രീകള്‍ക്ക് അത്തരം സ്വാതന്ത്ര്യം ഉണ്ട് എന്ന നിലയിലാണ് സര്‍ക്കാറിന് നില്‍ക്കാന്‍ കഴിയുക. ശബരിമലയില്‍ സ്ത്രീകള്‍ എത്തിയാല്‍ സുരക്ഷ നല്‍കുകയാണ് സര്‍ക്കാറിന്റെ ചുമതലയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here