‘ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം’; ഉള്ളുലയ്ക്കുന്ന വരികള്‍

1983 ഒക്ടോബര്‍ 14 നാണ് സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേല്‍ക്കുന്നത്. അരയ്ക്ക് താഴെ തളര്‍ന്ന സൈമണ്‍ ബ്രിട്ടോ ചക്രക്കസേരയില്‍ തന്റെ ജീവിതം ഉരുട്ടാന്‍ തുടങ്ങിയിട്ട് 35 വര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ അന്ത്യം. സൈമണ്‍ ബ്രിട്ടോ അരയ്ക്ക് താഴെ തളര്‍ന്നിട്ട് 35 വര്‍ഷമായ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് അദ്ദേഹത്തിന്റെ ജീവിതസഖി സീനാ ഭാസ്‌കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചുവടെ. അതിജീവനത്തിന്റെ ആള്‍രൂപത്തിന് വിപ്ലവ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സീനാ ഭാസ്‌കറിന്റെ കുറിപ്പ് സൈമണ്‍ ബ്രിട്ടോ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.
ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വർഷം…
അതിജീവിയ്ക്കുക അത് അത്ര എളുപ്പമുള്ള കാര്യമാണൊ? അതും മറ്റുള്ളവർക്ക് ഊർജ്ജം പകർന്നു നൽകി; ഇപ്പോഴും വ്യക്തമായ ആശയ തെളിമയോടും രാഷ്ട്രീയ ബോധത്തോടും ജീവിയ്ക്കാൻ കഴിയുന്ന അപൂർവ്വങ്ങളിലൊരാളായി സഖാവ് സൈമൺ ബ്രിട്ടോ എന്ന് നാം പറയുമ്പോഴും; പരസഹായത്തോടു കൂടിയുള്ള ജീവിതത്തിന് 35 വർഷം തികയുന്നു.
1983 ഒക്ടോബർ 14-ാം തീയതി എറണാകുളം ജനറൽ ആശുപത്രി കാഷ്വാലിറ്റിയ്ക്ക് സമീപത്തിട്ട് KSU ക്കാർ ഹൃദയം, കരൾ, ശ്വാസകോശം, നട്ടെല്ല് എന്നീ അവയവങ്ങളിൽ കഠാര മുന മാറി മാറി കുത്തിയിറക്കിയപ്പോൾ സന്തോഷിച്ചു; ഒരുത്തനെ ക്കൂടി ഉന്മൂലനം ചെയ്യാനായല്ലൊ … എന്നാൽ ഒന്നിൽ നിന്നും ഒരായിരമെന്ന പോൽ ഉയിർത്തെഴുന്നേറ്റ് 85% ചേതനയറ്റ അതായത് 15% മാത്രം ജീവനുള്ള ശരീരവുമായി തന്റെ രാഷ്ട്രീയവും താൻ തെരഞ്ഞെടുത്ത പാതയും വളരെ ശരിയാണെന്ന് വിളിച്ചു പറഞ്ഞും എഴുതിയും ഇന്നും ജീവിയ്ക്കുന്നു…
കടന്നു പോയ 35 വർഷത്തിനുള്ളിൽ എന്നെ പോലെ ധാരാളം പേർ സഹായവുമായി കടന്നു വന്നിട്ടുണ്ട്. അവർക്കൊക്കെ ഇന്നും ആവേശമായി ജീവിയ്ക്കുന്നു. എന്നാൽ സഹായിയ്ക്കാനെത്തിയവരിൽ പലരേയും മനുഷ്യത്വരഹിതവെറിയന്മാർ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്തിട്ടുണ്ട്… ഏറ്റവും ഒടുവിൽ അഭിമന്യുവും…
വിങ്ങുന്ന ഹൃദയത്തോടെ പരസ്പരം ചർച്ച ചെയ്യുന്ന രക്തസാക്ഷിത്വങ്ങൾ, തീഷ്ണമായുള്ള രാഷ്ട്രീയ ചർച്ച, വർഗീയ വിഘടനവാദികളുടെ കാണാമുഖങ്ങൾ, കോർപ്പറേറ്റ് വൽക്കരണം തുടങ്ങി വിവിധ വിഷയങ്ങൾ… എങ്കിലും ഇപ്പോഴും ഞങ്ങൾക്ക് പ്രധാനം കാമ്പസിലെ ചലനാത്മകമായ യൗവ്വനങ്ങൾ തന്നെയാണ്…. പുരോഗമന പ്രസ്ഥാനത്തിന്റെ തണലിൽ ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്…
അതിജീവനത്തിന്റെ ആൾരൂപത്തിന് ലാൽ സലാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here