അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ച് യൂണിസെഫിന്റ നേതൃത്വത്തിൽ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി

അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ച് യൂണിസെഫിന്റ നേതൃത്വത്തിൽ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. എല്ലാ മാസവും ഡിഎംഒ അട്ടപ്പാടിയിൽ സന്ദർശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയും മന്ത്രി സന്ദർശിച്ചു
ഈ വർഷം മാത്രം പതിനാല് കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അട്ടപ്പാടിയിൽ അവലോകന യോഗം വിളിച്ചു ചേർത്തത്. ശിശു മരണങ്ങളെ കുറിച്ച് വിശദമായി പഠനം നടത്താൻ ജനുവരി അവസാന വാരത്തോടെ യൂണിസെഫിന്റെ സംഘം അട്ടപ്പാടിയിലെത്തുമെന്ന് മന്ത്രി അറിയിച്ചു. ശിശു മരണ നിരക്ക് കുറയുന്നത് വരെ പാലക്കാട് ഡിഎംഒ അട്ടപ്പാടിയിൽ എല്ലാ മാസവും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈശ്വരി രേശൻ രംഗത്തെത്തി. എന്നാൽ ആളെ തിരിച്ചറിയാത്തത് കൊണ്ട് സംഭവിച്ച അബദ്ധമാണെന്നും അവർ ഇറങ്ങിപ്പോയതിൽ വിഷമമുണ്ടെന്നും മന്ത്രി പിന്നീട് പ്രതികരിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന അടുത്ത യോഗത്തിൽ മന്ത്രിയോടൊപ്പം ഈശ്വരി രേശനും പങ്കെടുത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here