യുവതികൾ സന്നിധാനത്ത് എത്തിയത് ഒരു മഹാത്ഭുതമല്ല : മന്ത്രി എകെ ബാലൻ

യുവതികൾ സന്നിധാനത്ത് എത്തിയത് ഒരു മഹാത്ഭുതമല്ലെന്ന് മന്ത്രി എകെ ബാലൻ. യുവതികളെ സന്നിധാനത്ത് എത്തിക്കുന്നത് സർക്കാരിന്റെ അജണ്ഡയല്ലെന്നും പോകണം എന്ന് താൽപ്പര്യമുള്ളവർ സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി സമീപിച്ചാൽ അവർക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു.
10-50 വയസ്സിനിടിയിലുള്ളവർ അമ്പലത്തിൽ കയറണമെന്ന് ഇതുവരെ സർക്കാർ പറഞ്ഞിട്ടില്ല. എന്നാൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്ത് ഒരു സ്ത്രീക്ക് പ്രവേശിക്കണമെങ്കിൽ അത് അവരുടെ അവകാശമാണ്. സർക്കാർ തീരുമാനിച്ചിട്ട് കയറേണ്ടതല്ല ഇതെന്നും ഭക്തർ അവരുടെ ഇഷ്ടത്തിന് കയറേണ്ട സ്ഥലമാണ് സന്നിധാനമെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.
സ്ത്രീകൾക്ക് സന്നിധാനത്ത് പോകാൻ സംരക്ഷണം ഒരുക്കേണ്ടത് പോലീസാണ്. അത് കൊടുക്കാതിരുന്നാൽ അത് കോടതിയലക്ഷ്യമാണ്. എന്നാൽ പോകാൻ സാധിക്കാത്ത സമയത്ത് അവിടുത്തെ സ്ഥിതിവിശേഷങ്ങളെ ഭക്തരെ അറിയിക്കേണ്ടതും ധരിപ്പിക്കേണ്ടതും തങ്ങളുടെ കടമയാണെന്നും എകെ ബാലൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here