കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു പിടിയിൽ

സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇരുപത്തി അഞ്ചോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോതമംഗലം സ്വദേശി എം വി ബിജു വർഗ്ഗീസ് എന്ന ആസിഡ് ബിജുവിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി അമ്പലക്കണ്ടി പ്രദേശത്തെ മോഷണം സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കോഴിക്കോട് കൊടുവള്ളി അമ്പലക്കണ്ടി പ്രദേശത്തെ ഭീതിയിലാക്കിയ മോഷണ പരമ്പര അരങ്ങേറിയത് രണ്ടാഴ്ച്ച മുമ്പാണ്. ഒരു ദിവസം ഏഴോളം വീടുകളിൽ എത്തിയ മോഷ്ടാവ് നെച്ചോളി മുഹമ്മദ് ഹാജിയുടെ വീട്ടിൽ നിന്നും ആറര പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു.
പ്രദേശത്ത് മോഷ്ടാവ് എത്തിയതായ വിവരത്തെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു മോഷണം. പക്ഷെ സിസിടിവി ചതിച്ചു. സിസിടിവി ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ സഹിതം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിന്നിൽകുപ്രസിദ്ധ മോഷ്ടാവ് കോതമംഗലം നെല്ലിമറ്റം മൺകുഴി കുന്നേൽ ബിജു വർഗ്ഗീസ് എന്ന ആസിഡ് ബിജുവാണെന്ന് ബോധ്യപ്പെട്ടതും ഇയാളെ പിടികൂടാനായതും..
ഡിസംബർ 19 ന് പിലാശ്ശേരിയിലുള്ള വീട്ടിൽ നിന്നും ഉറങ്ങിക്കിടക്കുകയായിയിരുന്ന സ്ത്രീയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയും ബ്രേയ്‌സ്‌ലെറ്റും മോഷ്ടിച്ചതും ബാലുശ്ശേരി പറമ്പിന്റെ മുകളിലെ വീട്ടിൽ നിന്നും 9 പവനും കൊടുവള്ളിയിലെ വീട്ടിൽ നിന്നും ഉറങ്ങിക്കിടന്ന യുവതിയുടെ ബ്രെയ്‌സ്‌ലെറ്റ് മോഷ്ടിച്ചതും ആസിഡ് ബിജു സമ്മതിച്ചിട്ടുണ്ട്.
ഇതിൽ പത്തര പവൻ സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു. പതിനെട്ടാം വയസ്സിൽ അയൽവാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചതിനെ തുടർന്നാണ് കുന്നേൽ ബിജു വർഗീസ് ആസിഡ് ബിജു ആയി മാറിയതും ജയിൽ വെച്ചാണ് മോഷണം തൊഴിലാക്കാൻ തീരുമാനിച്ചതും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here