വിവാദങ്ങളും അക്രമങ്ങളും തീര്‍ത്ഥാടനത്തെ ബാധിച്ചില്ല; ശബരിമലയില്‍ ഭക്തജനത്തിരക്ക്

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും ശബരിമലയിൽ തീർത്ഥാടകത്തിരക്കിലേക്ക്. ഇന്നലെ രാത്രി വരെ ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്.
ഇതിനിടെ, ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. ശബരിമലയിൽ സ്ത്രീകൾ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തീർത്ഥാടനത്തെ ബാധിചിട്ടില്ല. മകരവിളക്കു തീർത്ഥാടനത്തിനായി നട തുറന്നതുമുതൽ ഒരു ലക്ഷത്തോളം അയ്യപ്പഭക്തരാണ് ദിവസേന സന്നിധാനത്ത് എത്തുന്നത്. ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ പോലും 1,05000 തീർത്ഥാടകർ ദർശനത്തിനായെത്തി. സന്നിധാനം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങൾ ഉണ്ടാകാത്തതാണ് തീർത്ഥാടകരുടെ എണ്ണം കൂടാൻ കാരണം. അതിനാൽ, ശബരിമലയിൽ സുരക്ഷ വർധിപ്പിച്ച് നിലവിലെ സ്ഥിതി തുടരാൻ തന്നെയാണ് പൊലീസ് നീക്കം. ഇതിനായി മറ്റു നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പൊലീസ് ആലോചിക്കുന്നില്ല.
Read More: ‘കണ്ണൂര്‍ കലുഷിതം’; കൂടുതല്‍ പൊലീസിനെ വിന്യസിക്കും
തീർത്ഥാടകരിൽ അധികവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ശബരിമലയിലെ നിരോധനാജ്ഞയ്ക്കെതിരെ സന്നിധാനത്ത് എല്ലാ ദിവസവും നടക്കുന്ന നാമജപം മാത്രമാണ് പ്രത്യക്ഷ പ്രതിഷേധം. സന്നിധാനം ഉൾപ്പെടുന്ന ശബരിമലയിലെ നാലിടങ്ങളിൽ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർധരാത്രിയോടെ അവസാനിക്കും. കൂടുതൽ സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്താൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ നീട്ടാനായിരിക്കും തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here