ശബരിമല കാണാൻ പുറപ്പെട്ട വനിതയടക്കമുള്ള വിദേശ വിനോദ സഞ്ചാരികളെ പോലീസ് തിരിച്ചയച്ചു

ശബരിമല കാണാൻ പുറപ്പെട്ട വനിതയടക്കമുള്ള വിദേശ വിനോദ സഞ്ചാരികളെ പോലീസ് നിലയ്ക്കലിൽ വെച്ച് തടഞ്ഞ് തിരിച്ചയച്ചു.സ്വീഡിഷുകാരായ മിഖേൽ മൊറേസ, നദേവ ഉസ്‌ക്കോവ എന്നിവരേയാണ് പോലീസ് തിരിച്ചയച്ചത്.
ശബരിമലയെ പറ്റി പറഞ്ഞ് നാട്ടിൽ നടക്കുന്ന കോലാഹലങ്ങളും ആക്രമണങ്ങളുമൊന്നും അറിയാതെയാണ് സ്വീഡിഷ് വിനോദസഞ്ചാരികളായ മിഖേലും , നദേസയും ഇവിടെയെത്തിയത്. കേരളത്തിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് കറങ്ങി നടക്കുന്നതിനിടെയാണ് ആരോ പറഞ്ഞത് പമ്പയും പമ്പയും ശബരിമലയും നല്ല മനോഹരമായ സ്ഥലമാണെന്ന്. മിഖേൽ പിന്നൊന്നും നോക്കിയില്ല തന്റെ ഗേൾ ഫ്രണ്ടിനേയും കൂട്ടി റെന്റിന് എടുത്ത കാറിൽ നേരെ ശബരിമല കാണാൻ പുറപ്പെട്ടു. നിലയ്ക്കലിൽ പോലീസ് തടഞ്ഞപ്പോഴും കാര്യത്തിന്റെ ഗൗരവം അത്രകണ്ട് ഇരുവർക്കും മനസിലായില്ല. നിലയ്ക്കലിലെ പോലീസ് കൺട്രോൾ റൂമിന് മുന്നിൽ വച്ച് മാദ്ധ്യമപ്രവർത്തകർ വളഞ്ഞപ്പോഴും ഇരുവർക്കും കൗതുകം തന്നെ.
പിന്നീട് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് പോലീസ് ഓഫീസർമാർ കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ്, നമ്മുടെ നാട്ടിൽ ശബരിമലയുടെ പേരിൽ നടക്കുന്ന രാഷ്ട്രീയ യുദ്ധങ്ങളെക്കുറിച്ച് പാവം മിഖേലിനും നദേസയ്ക്കും മനസിലായത്. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഇരുവരും തിരിച്ച് മലയിറങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here