അശാസത്രീയമായ കരിമണൽ ഖനനം; കിടപ്പാടവും പിറന്ന മണ്ണും നഷ്ടപ്പെട്ട് അനാഥരാകുകയാണ് ഒരു ജനത

അശാസത്രീയമായ കരിമണൽ ഖനനം ഒരു ഗ്രാമത്തെ തന്നെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുന്ന കാഴചയാണ് കൊല്ലം ആലപ്പാട് പഞ്ചായത്തിൽ കാണുന്നത്. സ്വകാര്യ – പൊതു മേഖല കമ്പനിൽ ലാഭമുണ്ടാക്കാൻ മത്സരിക്കുമ്പോൾ കിടപ്പാടവും പിറന്ന മണ്ണും നഷ്ടപ്പെട്ട് അനാഥരാകുകയാണ് ഒരു ജനത .ഏതാണ്ട് 60 വർഷത്തിലധികമായി തുടരുന്ന കരിമണൽ ഖനനത്തിന്റെ എല്ലാ ദൂഷ്യവശങ്ങളും ഇന്ന് അനുഭവിക്കുകയാണ് കൊല്ലം ജില്ലയിലെ ആലപ്പാട് ,പൊൻമന നിവാസികൾ.കൺമുന്നിൽ കിടപ്പാടവും കരയും കടലെടുത്ത് പോയിട്ടും ഇവരുടെ വിലാപങ്ങൾ ആരും കേട്ടില്ല. പൊതു മേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡും കേരളാ മിനറൽസ് ആന്റ് മെറ്റൽസ ലിമിറ്റഡുമാണ് പതിറ്റാണ്ടുകളായി പ്രദേശത്ത് കരിമണൽ ഖനനം നടത്തുന്നത്.
അശാസത്രീയമായ ഖനനം മൂലം ഫല സമ്പുഷ്ടമായിരുന്ന പ്രദേശം വലിയ ഗർത്തങ്ങളായി.പിന്നീട് കടൽ കയറി എല്ലാം വെള്ളത്തിലായി.1955 ലെ ലിത്തോമാപ്പിന്റെ കണക്ക് പ്രകാരം 89.5 സ്ക്വയർ കിലോമീറ്റർ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്ക്വയർ കിലോമീറ്ററായി ചുരുങ്ങി. ഈ കാലയളവിനുള്ളിൽ നഷ്ടമായത് 20,000 ഏക്കർ ഭൂമിയാണെന്ന് തിരിച്ചറിയുമ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാവുക.
1965 ൽ ട്രാവൻകൂർ മിനറൽസ് എന്ന കമ്പനിയെ ഇന്ത്യൻ റെയർ എർത്തസ് ( IRE ) കമ്പനി ഏറ്റെടുത്ത് കരിമണൽ ഖനനം തുടങ്ങിയത്. പടിഞ്ഞാറ് അറബികടൽ, കിഴക്ക് ടിഎസ് കായൽ ,കടലിനും കായലിനും മദ്ധ്യേ വരമ്പു പോലെ 17 കിലോമീറ്റർ നീളത്തിൽ നീണ്ടു നിവർന്ന് കിടക്കുകയാണ് ആലപ്പാട് പഞ്ചായത്ത് കടലും കായലും തമ്മിലുള്ള അകലം ചില സ്ഥലങ്ങളിൽ 200 മീറ്റർ വരെയും ചിലയിടങ്ങളിൽ 20 മീറ്ററിനു താഴെയുമാണ് .ഈ വരമ്പിലാണ് ഖനനം നടക്കുന്നത്.
1909 ൽ തിരുവിതാംകൂർ തീരത്തുനിന്ന് ജർമ്മനിയിലേക്ക് കയറ്റി അയച്ച കയർ ഉല്പന്നങ്ങളിൽ കരിമണലിന്റെ തിളക്കം കണ്ടു പിടിച്ചത് ജർമ്മൻ സായിപ്പ് ഹെർഷംബർഗ് ആണ് തുടർന്നുള്ള അന്വേഷണം സായിപ്പിനെ ചവറയിൽ എത്തിച്ചു. നീണ്ടകരയിൽ നിന്ന് കരിമണലുമായി ജർമ്മനിയിലേക്ക് ആദ്യ കപ്പൽ പോകുന്നത് 1922 ലാണ് .
1932 ൽ എഫ് എക്സ് പെരേര & സൺസ് എന്ന കമ്പിനി ചവറയിൽ സ്ഥാപിക്കപ്പെടുന്നതോടെയാണ് പൂർണ്ണ തോതിൽ ഇവിടെ കരിമണൽ ഖനനം തുടങ്ങുന്നത്. തുടർന്ന് ട്രാവൻകൂർ മിനറൽ കോർപ്പറേഷൻ 1933 ൽ സ്ഥാപിക്കപ്പെട്ടു. പിന്നീട് 1951 ൽ ടൈറ്റാനിയം ഡയോക്സൈഡ് പിഗ് മെന്റിനും അനുബന്ധ ഉൽപന്നങ്ങൾക്കുമായി സംസ്ഥാന ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് എന്ന കമ്പനി ആരംഭിച്ചു. 1956ല്‍ ഈ കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തു. ട്രാവൻകൂർ മിനറൽ കോർപ്പറേഷനുമായി സഹകരിച്ചു പ്രവർത്തനം തുടങ്ങിയ ബ്രിട്ടീഷ് കമ്പനിയായ ഹോക്കിൻസ് & വില്ല്യംസ് ലിമിറ്റഡ് 1960 ൽ അടച്ചു പൂട്ടി. 1971 ൽ എഫ്എക്സ്പി മിനറൽസ് കമ്പനി കൂടി കേരള സർക്കാർ ഏറ്റെടുത്തതോടെ കരിമണൽ ഖനന മേഖലയിൽ നിന്ന് സ്വകാര്യ ഏജൻസികൾ പൂർണ്ണമായും പിന്‍വലിഞ്ഞു.
നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎലും ഐആര്‍ഇയും മാത്രമാണ് കരിമണൽ ഖനന മേഖലയിൽ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here