മകര വിളക്ക്; എരുമേലി നിലയ്ക്കൽ റൂട്ടിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായി മോട്ടോർ വാഹന വകുപ്പ്

മകര വിളക്കിനോടനുബന്ധിച്ച് എരുമേലി നിലയ്ക്കൽ റൂട്ടിൽ ഉണ്ടായേക്കാവുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായി മോട്ടോർ വാഹന വകുപ്പ്. നിലയ്കലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ കൂടുതൽ സൗകര്യമൊരുക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ നിലയ്കൽ – പന്പാ റോഡിന്റെ വശങ്ങങ്ങളിലും പാർക്കിംഗ് അനുവദിക്കും. അതേ സമയം മണ്ഡല കാലം ആരംഭിച്ച ശേഷം ശബരിമല സേഫ് സോൺ പരിധിയിൽ ഇതേവരെ 77 വഹനാപകടങ്ങളാണ് നടന്നത്.
ഇത്തവണ മണ്ഡല കാലം ആരംഭിച്ച ശേഷം കഴിഞ്ഞ 22, 23 തീയതികളിൽ എരുമേലി നിലയ്ക്കൽ റൂട്ടിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. അവധി ദിനങ്ങൾ കണക്കിലെടുത്ത് വലിയ തോതിൽ ഭക്തർ എത്തിയതോടെ നിലയ്കലിലെ ബേസ് ക്യാന്പിലും പാർക്കിംഗ് ഏരീയയിലും അയ്യപ്പഭക്തരുടെ വാഹനങ്ങൾ ഉൾകൊള്ളാനാകാതെ വന്നു. ഇതേ തുടർന്ന് നിലയ്കലിൽ നിന്ന് പത്ത് കി.മീ. ദൂരത്തോളം വലിയ ഗതാഗത കുരുക്ക് ഉണ്ടാവുകയും ചെയ്തു. 9 മണിക്കൂറിലധികമാണ് മിക്കവരും റോഡിലെ കുരുക്കിൽ അകപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്താണ് മണ്ഡലകാലത്ത് കൂടുതൽ ഭക്തരും വാഹനവും എത്തുമ്പോൾ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് കൈ കൊണ്ടിരിക്കുന്നത്. നിലയ്ക്കലിലെ 17 പാർക്കിംഗ് ഗ്രൗണ്ടുകൾക്ക് പുറമെ ഇവിടെതന്നെ കൂടുതൽ പാർക്കിംഗ് ഏരിയകൾ കഴിഞ്ഞ ദിവസങ്ങളിൽ നിർമിച്ചിട്ടുണ്ട്. പതിനയായിരത്തോളം വാഹനങ്ങൾ ഒരേ സമയം ഇവിടെ പാർക്ക് ചെയാനാകും. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ വാഹനങ്ങൾ നിലയ്ക്കൽ – പന്പ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയാനും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.നിലവിൽ നിലയ്കലിൽ നിന്ന് പന്പയിലേക്ക് അയപ്പ ഭക്തരുടെ വാഹനങ്ങൾ കടത്തി വിടുന്നില്ല.
ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നീ മോട്ടോർ വാഹന വകുപ്പിപ്പിന്റെ കൺട്രോൾ റൂമുകൾ വഴി ശബരിമല സേഫ് സോണിന്റെ കീഴിലുള്ള 400 കി.മി. ചുറ്റളവിലെ ഗതാഗതം നിയന്ത്രിക്കും. ഇതിനായി 50 സ്ക്വാഡുകളെ വിന്യസിച്ചതിനെപ്പം പ്രധാന വളവുകളിലും അപകട മേഖലകളിലും പോയന്റ് ഡ്യൂട്ടിയും ക്രമീകരിച്ചിട്ടുണ്ട്. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇത്തവണ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻ വർഷം 248 വാഹനാപകടങ്ങൾ ശബരിമല തീർത്ഥാടന കാലത്ത് ഉണ്ടായപ്പോൾ ഈ വർഷം ഇതുവരെ 77 അപകടങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here