Advertisement

കേന്ദ്രത്തിന് തിരിച്ചടി; സിബിഐ ഡയറക്ടറായി അലോക് വര്‍മ്മയ്ക്ക് തുടരാം

January 8, 2019
0 minutes Read
alok varma

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ നീക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി. അലോക് വര്‍മ്മയെ നീക്കിയ നടപടി തെറ്റാണെന്നും വര്‍മ്മയ്ക്ക് ഡയറക്ടര്‍ സ്ഥാനത്ത് തുടരാമെന്നും കോടതി വിധിച്ചു. കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാണ് ഈ വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നാംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം നയപരമായ കാര്യങ്ങളില്‍ അലോക് വര്‍മക്ക് തീരുമാനങ്ങള്‍ എടുക്കാനാവില്ല.

അലോക് വര്‍മ്മയ്‌ക്കെതിരായ കേസ് അന്വേഷിക്കാന്‍ മൂന്നംഗ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ഉന്നതാധികാര സമിതിയെ പ്രധാനമന്ത്രി നയിക്കും. പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്നതാണ് സമിതി. വര്‍മ്മയ്‌ക്കെതിരെ അന്വേഷണം മുന്നോട്ടുപോകുമെന്നതിനാല്‍ ഫെബ്രുവരി ഒന്ന് വരെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വര്‍മ്മയ്ക്ക് സാധിക്കില്ല. രണ്ടു വര്‍ഷത്തെ കാലാവധിയുള്ളപ്പോള്‍ അര്‍ദ്ധരാത്രി ഇറക്കിയ ഉത്തരവിലൂടെ തന്നെ മാറ്റിയത് ചട്ടവിരുദ്ധവും സുപ്രീംകോടതി ഉത്തരവിന് എതിരുമാണെന്ന് അലോക വര്‍മ്മ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് കോടതി ഉത്തരവ്. സിബിഐ മേധാവി സ്ഥാനത്ത് 2019 ജനുവരി 31 വരെയാണ് അലോക് വര്‍മയുടെ കാലാവധി.

2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മയുടെ ഹര്‍ജി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top