സിബിഐ ഡയറക്ടർ അലോക് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതലസമിതി യോഗം ഇന്ന് ചേരും

സിബിഐ ഡയറക്ടർ അലോക് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതലസമിതി യോഗം ഇന്ന് വൈകുന്നേരം വീണ്ടും ചേരും. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗം തീരുമാനമാവാതെ പിരിഞ്ഞു. അഴിമതി ആരോപണങ്ങളിൽ അലോക് വർമ്മയ്ക്ക് മറുപടി നൽകാൻ കൂടുതൽ സമയം നൽകണമെന്ന് മല്ലിഗാർജ്ജുൻ ഗാർഗെ യോഗത്തിൽ ആവശ്യപ്പെട്ടു.അതേസമയം ഡയറക്ടറായി വീണ്ടും ചുമതലയേറ്റ അലോക് വർമ്മ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകൾ ഉൾപ്പടെയുള്ളവ റദ്ദാക്കി.
സിബിഐ ഡയറക്ടർക്കെതിരായ അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യാൻ പ്രധാന മന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ്സ് നേതാവ് മല്ലിഗാർജ്ജുൻ ഗാർഗെ,ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി ജസ്റ്റിസ് എ കെ സിക്രി എന്നിവരാണ് പങ്കെടുത്തത്. അലോക് വർമ ഡയറക്ടർ സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ തീരുമാനമാവാതെ യോഗം പിരിഞ്ഞു. അലോക് വർമ്മയ്‌ക്കെതിരായ cvc അന്വേഷണ റിപ്പോർട്ട് യോഗം ചർച്ച ചെയ്തതായാണ് വിവരം. സിവിസി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട മല്ലികാർജ്ജുൻ ഗാർഗെ റിപ്പോർട്ട് പഠിക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.അഴിമതി ആരോപണത്തിൽ മറുപടി നൽകാൻ അലോക് വർമ്മയ്ക്ക് അവസരം നൽകേണ്ടതുണ്ടെന്നും മല്ലികാർജ്ജുൻ ഖാർഗെ യോഗത്തിൽ ചൂണ്ടിക്കാട്ടി.
അലോക് വർമ്മയ്ക്ക് നഷ്ടപ്പെട്ട 77 ദിവസങ്ങൾ തിരിച്ചു നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സിവിസി അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അംഗങ്ങൾക്ക് നൽകി യോഗം പിരിയുകയായിരുന്നു. സമിതി ഇന്ന് വൈകിട്ട് വീണ്ടും ചേരും. അതേ സമയം ഡയറക്ടറുടെ ചുമതലയിൽ തിരികെ പ്രവേശിച്ച അലോക് വർമ്മ താൽക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വർ റാവു ഇറക്കിയ സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദാക്കി.സ്‌പെഷൽ ഡയറക്ടർ രകേഷ് അസ്ഥാനയ്‌ക്കെതിരായ കേസന്വേഷിച്ച എ കെ ബാസിയെ ആന്തമാനിലേക്ക് സ്ഥലം മാറ്റിയ ഉത്തരവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here