സൗദി വനിതകൾക്ക് ഔദ്യോഗിക മേഖലയിൽ കൂടുതൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സൗദി ശൂറാ കൌൺസിൽ അംഗം ലിന അൽ മഈന 24 നോട്

സൗദി വനിതകൾക്ക് ഔദ്യോഗിക മേഖലയിൽ കൂടുതൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സൗദി ശൂറാ കൌൺസിൽ അംഗം ലിന അൽ മഈന. കലാകായിക മേഖലകളിൽ സൗദി വനിതകൾക്ക് കൂടുതൽ അവസരം ലഭിക്കുന്നതായും ലിന അൽ മഈന ട്വെന്റിഫോറിനോട് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിൽ വിപ്ലവകരമായ മുന്നേറ്റമാണ് സൗദിയിൽ നടന്നു കൊണ്ടിരിക്കുന്നതെന്ന് സൗദി ശൂറാ കൌൺസിൽ അംഗം ലിന അൽ മഈന പറഞ്ഞു. എന്നാൽ രാജ്യത്തിൻറെ അഭിവൃദ്ധിക്ക് കൂടുതൽ സംഭാവന നൽകാൻ സ്വദേശീ വനിതകൾക്ക് സാധിക്കുമെന്നും ഇതിന് നയതന്ത്ര മേഖലയുൾപ്പെടെ ഔദ്യോഗിക രംഗത്ത് കൂടുതൽ അവസരം നൽകാൻ സർക്കാർ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്നും അൽ മഈന ട്വെന്റി ഫോറിനോട് പറഞ്ഞു.
കായിക മേഖലയിൽ സൗദി വനിതകൾ ഏറെ മുന്നോട്ടു പോയതായും ജിദ്ദ യുനൈറ്റഡ് സ്‌പോർട്‌സ് കമ്പനിയുടെ വനിതാ വിഭാഗം ഡയരക്ടർ കൂടിയായ ലിന അൽ മഈന പറഞ്ഞു.
വിവാഹപ്രായം പതിനെട്ടു വയസായി നിജപ്പെടുത്താനുള്ള നിയമത്തിനു അനുകൂലമായി കഴിഞ്ഞ ദിവസം ശൂറാ കൌൺസിലിൽ ലിന അൽ മഈന വോട്ടു ചെയ്തിരുന്നു. ശൂറാ കൌൺസിൽ പാസാക്കിയ കരട് നിയമം രാജാവിൻറെ അനുമതി ലഭിച്ചാൽ പ്രാബാല്യത്തിൽ വരുമെന്നും അൽ മഈന പറഞ്ഞു. മുപ്പത് വനിതകളാണ് സൗദിയിലെ ഉന്നതാധികാര സമിതിയായ ശൂറാ കൌൺസിലിൽ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here