പഴംതോട്ടത്തിൽ സെന്റ്മേരിസ് ചർച്ചിനെ ചൊല്ലി ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ പ്രതിഷേധം; കാതോലിക്ക ബാവ ഉപവാസ സമരം ആരംഭിച്ചു

പഴംതോട്ടത്തിൽ സെന്റ്മേരിസ് ചർച്ചിനെ ചൊല്ലി ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ പ്രതിഷേധം. കഴിഞ്ഞദിവസം മരണപ്പെട്ട യാക്കോബായ വിഭാഗത്തിലെ ഒരാളുടെ മൃതദേഹം പള്ളിയിൽ പ്രാർത്ഥന നടത്തി സംസ്കരിക്കതിരിക്കാൻ ഓർത്തഡോക്സ് വിഭാഗം പുലർച്ചെതന്നെ പള്ളി കയ്യടക്കിയതാണ് പ്രതിഷേധത്തിനു കാരണം. പള്ളിക്ക് പുറത്ത് മരണ ശുശ്രൂഷ നൽകി മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കുകയും തുടർന്ന് യാക്കോബായ വിഭാഗം പള്ളിപ്പുറത്ത് ഉപവാസ സമരം ആരംഭിക്കുകയും ചെയ്തു.
ഫാദർ K K വർഗീസ് നേതൃത്വത്തിൽ പുലർച്ചെ മൂന്നുമണിയോടെ ഓർത്തഡോക്സ് സഭാവിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചു. സംഭവമറിഞ്ഞ് യാക്കോബായ സഭാവിശ്വാസികൾ പള്ളിക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. സംഭവം സംഘർഷത്തിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയ പൊലീസ് വൻ സുരക്ഷയും ഒരുക്കി. കഴിഞ്ഞദിവസം മരണപ്പെട്ട യാക്കോബായ സഭാ വിശ്വാസിയുടെ മൃതദേഹം പള്ളിക്കകത്ത് പ്രാർത്ഥന നടത്തി അടക്കം ചെയ്യരുത് എന്ന ലക്ഷ്യത്തോടുകൂടിയാണ് ഓർത്തഡോക്സ് സഭാവിശ്വാസികൾ പള്ളി കൈയടക്കിയതെന്നാണ് യാക്കോബായ വിഭാഗം ആരോപിച്ചത്. തുടർന്നാണ് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജില്ലാകളക്ടർ ഇരുകൂട്ടരേയും വിളിച്ച് ചർച്ച നടത്തുകയും മൃതദേഹം പള്ളിക്ക് പുറത്ത് വച്ച് ശുശ്രൂഷ നടത്തി ബന്ധുക്കളുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പള്ളിസെമിത്തേരിയിൽ അടക്കം ചെയ്യാമെന്നും നിർദേശിച്ചു അതോടൊപ്പംതന്നെ യാക്കോബായ സഭ പുരോഹിതന്മാർ പള്ളിയിൽ പ്രവേശിക്കരുതെന്ന നിർദേശം കളക്ടർ നൽകി. വൈകിട്ടോടെ മൃതദേഹം പള്ളിക്ക് പുറത്ത് ശുശ്രൂഷ നൽകി പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.
സ്ഥലത്തെത്തിയ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ യാക്കോബായ സഭാവിശ്വാസികൾ പള്ളിക്ക് പുറത്ത് പ്രാർത്ഥന ആരംഭിച്ചു. തങ്ങളുടെ പള്ളി ഓർത്തഡോക്സ് സഭാവിശ്വാസികൾ കയ്യടക്കി എന്നും ഉപവാസസമരം നടത്തുമെന്നും ബാവ പറഞ്ഞു.
പള്ളിത്തർക്കത്തിൽ തീരുമാനമാകുന്നതുവരെ ഉപവാസം ഇരിക്കുമെന്ന് ബാവ പറഞ്ഞതോടെ വിശ്വാസികളും ബാവയോടൊപ്പം പള്ളിക്കുമുന്നിൽ ഉപവാസ സമരം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here