എസ്ബിഐ ട്രഷറി അക്രമണം; രണ്ട് എൻജിഒ യൂണിയൻ നേതാക്കളെ സർവീസിൽ നിന്ന് സസ്‌പെൻറ് ചെയ്തു

പണിമുടക്കു ദിവസം തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ശാഖ ആക്രമിച്ച രണ്ട് എൻജിഒ യൂണിയൻ നേതാക്കളെ സർവീസിൽ നിന്ന് സസ്‌പെൻറ് ചെയ്തു. കീഴടങ്ങിയ റിമാൻഡ് ചെയ്തതിനെ തുടർന്നാണ് നടപടി. കേസിൽ പ്രമുഖ നേതാക്കൾ അടക്കം മറ്റുള്ളവരെ ഇനിയും പിടികൂടാനായിട്ടില്ല.
പണിമുടക്ക് ദിവസം തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു സമീപത്തെ എസ്ബിഐ ശാഖ ആക്രമിച്ച കേസിലാണ് രണ്ട് എൻജിഒ യൂണിയൻ നേതാക്കളെ സർവീസിൽ നിന്ന് സസ്‌പെൻറ് ചെയ്തത്. യൂണിയൻ തൈക്കാട് ഏരിയാ സെക്രട്ടറിയും ട്രഷറി ഓഫീസിലെ ക്ലർക്കുമായ എ അശോകൻ, ജില്ലാ സെക്രട്ടറിയേറ്റംഗവും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഓഫീസ് അറ്റന്റന്റുമായ ടി വി ഹരിലാൽ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ജാമ്യമില്ലാക്കുറ്റത്തിന് ഇരുവരും റിമാൻറിലായ വിവരം പൊലീസ് അതത് ഓഫീസുകളിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി.
അതിനിടെ എസ്.ബി.ഐ ശാഖ അക്രമിച്ച സംഭവത്തിൽ എൻ.ജി.ഒ യൂണിയൻ നേതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്. പ്രതികളെ ജോലിക്ക് കയറാൻ അനുവദിക്കരുതെന്ന് ഇവർ ജോലി ചെയ്യുന്ന ഓഫീസ് മേധാവികൾക്ക് നിർദേശം നൽകി. പ്രതികൾ ഓഫീസിലെത്തിയാൽ ഉടൻ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 15 പ്രതികളാണുള്ള കേസിൽ 9 പേരെ മാത്രമാണ് തിരിച്ചറിയാനായത്. . എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിന്റെ പങ്കും പോലീസ് സ്ഥിരീകരിച്ചെങ്കിലും മറ്റു പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here