പത്ത് പേരടങ്ങുന്ന ട്രാന്‍സ് ജെന്റര്‍ സംഘം ശബരിമലയിലേക്ക് യാത്ര തിരിച്ചു

തിരുവനന്തപുരത്തുനിന്നും പത്ത് പേരടങ്ങുന്ന ട്രാൻസ്ജെന്റർ സംഘം ശബരിമല യാത്രക്കായി പുറപ്പെട്ടു. പുലർച്ചെ 2.45 ഓടെയാണ് തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്നും സംഘം യാത്രതിരിച്ചത്.പോലീസിന്റെ പ്രത്യേക അനുവാദം വാങ്ങിയാണ് ട്രാൻസ്ജെന്റർ സംഘം അയ്യപ്പദർശ്ശനത്തിനായി പുറപ്പെട്ടത്.
തിരുവനന്തപുരം ഒയാസിസ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്ജെന്റർ സംഘമാണ് ശബരിമല ദർശനത്തിനായി പുലർച്ചെയോടെ പുറപ്പെട്ടത്. തുല്യതയ്ക്കായുള്ള സുപ്രീം കോടതി വിധി നിലനിൽക്കുമ്പൊഴും തങ്ങൾക്ക് നേരെ ഇപ്പഴും പൊതു സമൂഹത്തിൽ നിന്നും അവഗണയാണ് ഉണ്ടാവുന്നതെന്ന് ഇവർ പറയുന്നു. മലയ്ക്കു പോകാനായി കെട്ടു നിറയ്ക്കാൻ പോലീസ് അനുവാദത്തോടെ പല ക്ഷേത്രങ്ങളിലും ചെന്നെങ്കിലും ആരും അനുവദിച്ചില്ല. അവസാനം സ്വന്തം താമസസ്ഥലത്തു നിന്നും കെട്ടുനിറച്ചാണ് ഇവര്‍ യാത്ര തുടങ്ങിയത്.
തികഞ്ഞ വിശ്വാസത്തോടെ വ്രതം നോറ്റാണ് അയ്യപ്പദർശനത്തിനായി യാത്ര തിരിക്കുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. രാവിലെയോടെ പമ്പയിലെത്തി ശബരിമല ദർശനം പൂർത്തിയാക്കി സംഘം മടങ്ങും.പ്രശ്നങ്ങളും പ്രതിഷേധങ്ങളുമില്ലാതെ സുഗമമായി ദർശനം നടത്തി മടങ്ങാനാകുമെന്നാണ് ട്രാൻസ്ജെന്റർ സംഘത്തിന്റെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here