മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത്; അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊച്ചി മുനമ്പം ഹാര്‍ബറിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും ബാഗുകളും രേഖകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും. പ്രഥമദൃഷ്ട്യാ മനുഷ്യ കടത്താണെന്ന് സംശയിക്കുന്നുണ്ടെങ്കിലും തീവ്രവാദികളുടെ നുഴഞ്ഞ് കയറ്റ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇതോടെ തീരദേശസേനയും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മുനമ്പം വഴി നാല്‍പ്പതോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടി കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പോലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, ഡെല്‍ഹി -കൊച്ചി വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ കണ്ടെത്തുകയും ചെയ്തു.
വിമാനത്തില്‍ നിന്ന് വീണതാണെന്ന് ആദ്യം അഭ്യൂഹം പരന്നെങ്കിലും തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യകടത്താണെന്ന നിഗമനത്തിലേക്കെത്തിയത്. ബാഗില്‍ കണ്ട രേഖയില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോര്‍ട്ടുകളില്‍ താമസിച്ചതായി പോലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡെല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here