ഇടതുപക്ഷ സഹയാത്രികന്‍; തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കെ.ആര്‍ നാരായണനെതിരെ

എന്നും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നുനിന്ന സംവിധാകനാണ് ലെനിന്‍ രാജേന്ദ്രന്‍. ഉറച്ച നിലപാടുകളാണ് ലെനിന്‍ രാജേന്ദ്രനെ സിനിമാ ലോകത്ത് വ്യത്യസ്തനാക്കിയത്. മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ ആദ്യം മുതലേ പരസ്യമായി തന്നെ വിമര്‍ശനമുന്നയിച്ച സംവിധായകന്‍ കൂടിയാണ് ലെനിന്‍. സിനിമാ ലോകത്ത് മാത്രമല്ല, പൊതുജീവിതത്തിലും ലെനിന്‍ രാജേന്ദ്രന്‍ വ്യത്യസ്തനായിരുന്നു.
സിനിമയ്‌ക്കൊപ്പം തന്നെ രാഷ്ട്രീയത്തിലും ലെനിന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇടുപക്ഷത്തോടൊപ്പം ചേര്‍ന്നാണ് ലെനിന്‍ എന്നും സഞ്ചരിച്ചത്. കടുത്ത ഇടതുപക്ഷ ചിന്തകനായ അദ്ദേഹം രണ്ടു തവണ ഒറ്റപ്പാലത്തുനിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചിട്ടുണ്ട്. 1989 ലും 1991 ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തുനിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായാണ് ലെനിന്‍ രാജേന്ദ്രന്‍ ജനവിധി തേടിയത്. എന്നാല്‍, രണ്ട് തവണയും ലെനിന്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന, പിന്നീട് രാജ്യത്തിന്റെ രാഷ്ട്രപതിയായ കെ.ആര്‍ നാരായണനോടാണ് ലെനിന്‍ തോല്‍വി വഴങ്ങിയത്. രണ്ട് തവണയും ഒറ്റപ്പാലത്തുനിന്ന് കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ചത് കെ.ആര്‍ നാരായണനായിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് തവണയും ലെനിന്‍ പരാജയപ്പെടുകയായിരുന്നു. 1989 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 26,187 വോട്ടിനാണ് ലെനിന്‍ രാജേന്ദ്രന്‍ തോല്‍വി വഴങ്ങിയത്. 3,50,683 വോട്ടുകളാണ് കെ.ആര്‍ നാരായണന്‍ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ലെനിന്‍ 3,24,496 വോട്ടുകള്‍ നേടിയിരുന്നു. 1991 ലെ തെരഞ്ഞെടുപ്പില്‍ 3,27,043 വോട്ടുകള്‍ നേടി കെ.ആര്‍ നാരായണന്‍ വിജയിച്ചപ്പോള്‍ 3,11,955 വോട്ടുകള്‍ ലെനിന്‍ സ്വന്തമാക്കി. 16,088 വോട്ടുകള്‍ക്കാണ് 1991 ല്‍ കെ.ആര്‍ നാരായണനോട് ലെനിന്‍ തോല്‍വി വഴങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here