മൈക്രോവേവ് സ്‌പെക്ട്രം; 69,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ്

മൈക്രോവേവ് സ്‌പെക്ട്രം വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 69,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്. 2012ലെ സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ, ചട്ടങ്ങള്‍ അട്ടിമറിച്ച് മൈക്രോവേവ് സ്‌പെക്ട്രം പ്രധാനമന്ത്രി നരേന്ദ്രമോദി സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.
റഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിയാരോപണം വിടാതെ പിന്തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പുതിയ അഴിമതി ആരോപണം. കഴിഞ്ഞയാഴ്ച പാര്‍ലമെന്‍റില്‍ വെച്ച സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണം. ലേലത്തിലൂടെ മാത്രമേ സ്‌പെക്ട്രം വിതരണം നടത്താവൂ എന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് 2 ജി സ്പെക്ട്രം വിതരണം ചെയ്തത് പോലെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ മൈക്രോ വേവ് സ്‌പെക്ട്രം വിതരണം ചെയ്തുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 101 അപേക്ഷകള്‍ കെട്ടിക്കിടക്കവെ ഒരു കോര്‍പ്പറേറ്റ് സുഹൃത്തിനെ സഹായിക്കുവാനാണ് ഈ രീതിയില്‍ സ്‌പെക്ട്രം വിതരണം നടത്തിയതെന്നും ഇതുവഴി 69, 381 കോടി രൂപയുടെ അഴിമതി നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതിയില്‍ സുപ്രീംകോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റഫേലിന് പിന്നാലെ സ്‌പെക്ട്രം വിതരണത്തില്‍ നടന്ന ക്രമക്കേടും ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here