കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെ; വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ജാദവ്പൂർ സർവ്വകലാശാല അധ്യാപകൻ

കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയെന്ന ജാദവ്പൂർ സർവ്വകലാശാല അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ജെയുവിൽ (ജാദവ്പൂർ യൂണിവേഴ്‌സിറ്റി) കഴിഞ്ഞ ഇരുപത് വർഷമായി ഇന്റർനാഷ്ണൽ റിലേഷൻസ് അധ്യാപകനായി ജോലിനോക്കുന്ന കനക സർക്കാർ എന്ന വ്യക്തിയാണ് പോസ്റ്റിന് പിന്നിൽ. സംബവം വിവാദമായതോടെ കനക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
‘കന്യകയായ വധു- എന്തുകൊണ്ട് ആയിക്കൂട?’എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.
‘മിക്ക ആണുങ്ങളും വിഡ്ഢികളായിതന്നെ ഇരിക്കുകയാണ്. കന്യകയായ വധുവിനെ കുറിച്ച് അവർ ബോധവാന്മാരല്ല. കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയാണ്. സീൽ പൊട്ടിയ നിലയിലുള്ള ഒരു ശീതള പാനീയമോ ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റോ വാങ്ങാൻ നിങ്ങൾ തയ്യാറാകുമോ ? ഇതു തന്നെയാണ് നിങ്ങളുടെ ഭാര്യയുടേയും കാര്യം. ഒരു പെൺകുട്ടിയെ അവളുടെ ജനനം മുതൽ സീൽ ചെയ്തിരിക്കുകയാണ്, അത് തുറക്കുന്നത് വരെ. മൂല്യങ്ങൾ, സംസ്‌കാരം, ലൈംഗീക ശുചിത്വം തുടങ്ങി നിരവധി കാര്യങ്ങൾ ഉൾക്കൊണ്ടതാണ് ഒരു കന്യകയായ പെൺകുട്ടി. മിക്ക ആൺകുട്ടികൾക്കും കന്യകയായ ഭാര്യ എന്നാൽ മാലാഖയെ പോലെയാണ്. ‘
വിവാഹത്തിന് മുമ്പ് പുരുഷൻ എങ്ങനെയായിരുന്നാലും സ്ത്രീ ‘പവിത്ര’യും ‘കന്യകയും’ ആയിരിക്കണമെന്ന സമൂഹത്തിന്റെ കാലാഹരണപ്പെട്ടതും ജീർണ്ണിച്ചതുമായ ചിന്താഗതിയെ കുറിച്ചും, ‘കന്യാകത്വ ചർമ്മം’ സ്ത്രീ കന്യകയാണെന്ന തിന്റെ ‘തെളിവുമായി’ കണക്കാക്കപ്പെടുന്ന വിഡ്ഢിത്തതിനെയും കുറിച്ചും ചർച്ചകൾ കൊടുംബിരികൊണ്ടുനിൽക്കുന്ന ഇന്നത്തെ കാലത്ത് ഒരു സർവ്വകാലാശാല അധ്യാപകനിൽ നിന്ന് ഇത്തരം പ്രതികരണം ഏറെ ഞെട്ടലോടെയാണ് ജനം കേട്ടറിഞ്ഞത്.
സംഭവം വിവാദമായതോടെ പോസ്റ്റിന് ന്യായീകരണവുമായി കനക് രംഗത്തെത്തി. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഐടി ആക്ട് സെക്ഷൻ 66എ പ്രകാരം തനിക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശമുണ്ടെന്നും കനക് സർക്കാർ പറഞ്ഞു. തസ്ലീമാ നസ്രിൻ ഒരു പ്രത്യേക മതത്തെ കുറിച്ച് എഴുതിയപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് നമ്മളെന്നും, ഹിന്ദു ദൈവങ്ങളെ കുറിച്ച് കവി ശ്രിജാതോ എഴുതിയപ്പോൾ അതിനെ പിന്തുണച്ചവരാണ് നാമെന്നും പറഞ്ഞ അദ്ദേഹം താൻ ഒരു സോഷ്യൽ റിസർച്ച് മാത്രമാണ് ചെയ്തതെന്നും സാമൂഹിക ‘നന്മയ്ക്ക്’ വേണ്ടിയാണ് താൻ ഇതെഴുതുന്നതെന്നും പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ജെയുടിഎ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ജെയുടിഎ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here