സുപ്രീംകോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം തിരുമാനെത്തിനെതിരെ ചീഫ് ജസ്റ്റിസിന് കത്ത് നൽകി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

സുപ്രീംകോടതിയിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം തിരുമാനത്തിനെതിരെ സുപ്രീംകോടതിയിലെ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത. മലയാളിയായ ജസ്റ്റിസ് രാജേന്ദ്ര മേനോൻ ഉൾപ്പടെ രണ്ട് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളിജിയം എടുത്ത തീരുമാനം തിരുത്തിയതിനെതിരെയാണ് വിമർശനം. കൊളീജിയം തീരുമാനത്തിനെതിരെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ കൊളീജിയം തത്വത്തിൽ തീരുമാനിച്ചിരുന്നു.ഡിസംബർ 12 ന് ചേർന്ന കൊളീജിയം യോഗം ആണ് ഇത് സംബന്ധിച്ച് തത്വത്തിൽ തീരുമാനം എടുത്തത്. എന്നാൽ ജനുവരി 5, 6 തീയതികളിൽ ചേർന്ന കൊളീജിയം ഈ തീരുമാനം മാറ്റി. ഡിസംബർ അവസാനം ജസ്റ്റിസ് മദൻ ബി ലോകൂർ വിരമിച്ചതിനെ തുടർന്ന് ജസ്റ്റിസ് അരുൺ മിശ്ര കൊളീജിയത്തിൽ പുതുതായി എത്തിയിരുന്നു. ഈ മാറ്റം മുൻ തിരുമാനം മാറാനും കാരണമായ് എന്നാണ് സൂചന.
കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഡൽഹി ഹൈകോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ ആണ് ജനുവരിയിൽ ചേർന്ന കൊളീജിയം തീരുമാനിച്ചത്. അതേസമയം 2013 ൽ പുറപ്പടിവിച്ച ഒരു വിധിയിൽ വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടി ആണ് ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിന്റെ സ്ഥാനക്കയറ്റം കൊളീജിയം പുനഃ പരിശോധിച്ചത് എന്നാണ് സൂചന. എന്നാൽ ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് മികച്ച ജഡ്ജി ആണെന്നും അദ്ദേഹത്തെ സുപ്രീം കോടതിയിലേക്ക് ഉയർത്തണം എന്നും ജസ്റ്റിസ് കൗൾ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ നിർദ്ധേശിയ്ക്കുന്നു. കൊളീജിയം തീരുമാനത്തിന് എതിരെ മുൻ ചീഫ് ജസ്റ്റിസ് ആർ എം ലോധയും മുൻ ജഡ്ജി ജെ ചെലമേശ്വറും രംഗത്ത് എത്തി. രാജസ്ഥാൻ, ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് മാരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള തീരുമാനം മാറ്റിയ കൊളീജിയം തീരുമാനം ഞെട്ടിച്ചു എന്നായിരുന്നു മുൻ ചീഫ് ജസ്റ്റിസ് ആർ എം ലോധ യുടെ പ്രതികരണം. കൊളീജിയം വ്യവസ്ഥയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് മുൻ ജഡ്ജി ജെ ചെലമേശ്വർ വിമർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here