മുനമ്പം മനുഷ്യക്കടത്ത് സൂത്രധാരൻ ശ്രീകാന്തന്റെ ചിത്രം പുറത്തുവിട്ട് 24

മുനമ്പം മനുഷ്യക്കടത്ത് സൂത്രധാരൻ ശ്രീകാന്തന്റെ ചിത്രം പുറത്തു വിട്ട് 24. മനുഷ്യക്കടത്ത് ഏജൻരാണ് ശ്രീകാന്തൻ. ശ്രീകാന്തനായി അന്വേഷണം ആരംഭിച്ചു.
മുനമ്പം മനുഷ്യക്കടത്തിലെ ആസൂത്രണങ്ങൾ നടന്നിരുന്നത് പ്രധാനപ്രതി ശ്രീകാന്തൻ താമസിച്ചിരുന്ന കോവളം വെങ്ങാനൂരിലെ വീട്ടിലാണെന്ന സംശയം ബലപ്പെടുന്നു. തമിഴ് സംസാരിക്കുന്നവർ അടിക്കടി ചെന്നൈ തിരുവള്ളൂർ സ്വദേശിയായ ശ്രീകാന്തന്റെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ ട്വന്റി ഫോറിനോട് പറഞ്ഞു. മനുഷ്യക്കടത്ത് നടത്തിയ ദയമാത – 2 എന്ന ബോട്ടിന്റെ ഉടമസ്ഥരിൽ ഒരാളാണ് ശ്രീകാന്തൻ.
ശ്രീകാന്തന്റെ പത്തുവയസ്സായ മകളും ഭാര്യയുടെ അമ്മയുമാണ് ഇവിടെ സ്ഥിരമായി താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപു ഇവിടെ ശ്രീകാന്തൻ താമസിക്കാനെത്തുമ്പോൾ വസ്ത്രവ്യാപാരിയാണെന്നാണ് പരിചയപ്പെടുത്തിയതെന്ന് അയൽവാസികൾ പറയുന്നു.
ഇടയ്ക്കു മാത്രമാണ് ശ്രീകാന്തനും ഭാര്യയും വീട്ടിലെത്തിയിരുന്നത്. കഴിഞ്ഞ ഏഴാം തീയതി രാത്രി തമിഴ് സംസാരിക്കുന്ന പത്തിലധികം ആളുകളോടൊപ്പം കുടുംബത്തെയും കൂട്ടിയാണ് ശ്രീകാന്തൻ പോയതെന്നും നാട്ടുകാർ.
ബന്ധുക്കളാണെന്ന പേരിൽ നിരവധി ആളുകൾ വീട്ടിലേക്ക് വരാറുണ്ടായിരുന്നെന്ന് അയൽക്കാർ പറയുന്നു. ബോട്ടിന്റെ ഉടമയായി രജിസ്റ്റർ ചെയ്ത പനങ്ങോട് സ്വദേശി അനിൽകുമാറും ഇടയ്ക്കിടെ വന്നു പോയിരുന്നു.
ശ്രീകാന്തൻ ഒളിവിൽ പോയ ഏഴാം തീയതിയാണ് ബോട്ടിന്റെ കൈമാറ്റം രജിസ്റ്റർ ചെയ്തത്. ഇതോടെ ശ്രീകാന്തനൊപ്പം ഏഴാം തീയതി ഉണ്ടായിരുന്നവരും മനുഷ്യക്കടത്തിന്റെ പിന്നിലുണ്ടെന്ന സംശയം ശക്തമാവുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here