സ്ത്രീകളുടെ കന്യകാത്വം സീല്‍ ചെയ്ത കുപ്പിപോലെയാണെന്ന് പോസ്റ്റ്; അധ്യാപകന്റെ ജോലി തെറിച്ചു

സ്ത്രീകളുടെ കന്യകാത്വം സീൽ ചെയ്ത കുപ്പിയാണെന്ന് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. പടിഞ്ഞാറൻ ബംഗാളിലാണ് സംഭവം. ജാദവ്പൂർ സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം പ്രൊഫസർ കനക് സർക്കാറെയാണ് കോളേജിൽ നിന്ന് പുറത്താക്കിയത്.
‘കന്യകയായ വധു എന്തുകൊണ്ടില്ല’ എന്ന തലക്കെട്ടിലെഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് വിവാദപരമായ പരാമര്‍ശം. ആണ്‍കുട്ടികള്‍ കന്യകയായ ഭാര്യയെ കുറിച്ച് ബോധവാൻമാരല്ല. അവര്‍ വിഡ്ഢികളാണ്. കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയോ പാക്കറ്റ് പോലെയോ ആണ്. സീൽ പൊട്ടിയ ശീതളപാനീയമോ ബിസ്ക്കറ്റ് പാക്കറ്റോ വാങ്ങുമോ? അത് പോലെയാണ് കന്യകാത്വം നഷ്ടപ്പെട്ട പെണ്‍കുട്ടിയും. ഒരു പെൺകുട്ടി ജന്മനാ സീൽ ചെയ്യപ്പെട്ടാണ് പിറക്കുന്നത്. കന്യകയായ പെൺകുട്ടിയെന്നാൽ മൂല്യങ്ങൾ, സംസ്കാരം, ലൈംഗിക ശുചിത്വം എന്നിവ കൂടിച്ചേർന്നതാണ്. ആൺകുട്ടികൾക്ക് കന്യകയായ ഭാര്യയെന്നാൽ ഒരു മാലാഖ പോലെയാണ് എന്നും കനക് സര്‍ക്കാര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു.
പോസ്റ്റ് വലിയ വിവാദം തന്നെ സൃഷ്ടിച്ചു. വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്ത് എത്തി. അതിന് പിന്നാലെ കനക് സര്‍ക്കാര്‍ പോസ്റ്റ് പിന്‍വലിക്കുകയും, പോസ്റ്റ് പിന്‍വലിച്ചതിന് കാരണം രേഖപ്പെടുത്തുകയും ചെയ്തു. പോസ്റ്റ് വ്യക്തിപരമാണെന്നും തന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നുമായിരുന്നു രണ്ടാമത്തെ പോസ്റ്റിലുണ്ടായിരുന്നത്. പോസ്റ്റിൽ ഒരു വ്യക്തിക്ക് എതിരായി ഒന്നും എഴുതിയിട്ടില്ല. ഗവേഷണമാണ് ചെയ്യുന്നത്. സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് എഴുതിയതെന്നും കനക് ഫെയ്സ് ബുക്കില്‍ എഴുതി. എന്നിട്ടും വിവാദം തീരാഞ്ഞതോടെ അതി ക്ഷമ ചോദിച്ചും കനക് എത്തി. പോസ്റ്റ് തമാശയായി എഴുതിയതാണെന്നും മറ്റും എഴുതി തടിയൂരാന്‍ ശ്രമിച്ചെങ്കിലും സംഗതി വിലപ്പോയില്ല. കനകിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് വൈറലാകുകയായിരുന്നു. പോസ്റ്റിട്ട് രണ്ട് മിനിട്ടിന് ശേഷം എടുത്ത സ്ക്രീന്‍ ഷോട്ടാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. സമൂഹ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ഇത് വാര്‍ത്തയായി. അതോടെ കോളേജ് അധികൃതര്‍ അടക്കം കനകിന് എതിരെ രംഗത്ത് എത്തി. കനക് സർക്കാർ സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തിയെന്ന് ജാദവ്പൂർ സർവകലാശാല വൈസ് ചാൻസലർ സുരജ്ഞൻ ദാസ് പറഞ്ഞു. സമൂഹത്തിന്റെ നാനാ മേഖലയില്‍ നിന്ന് വിമര്‍ശനങ്ങള്‍ വന്നതോടെ കോളേജ് അധികൃതര്‍ കനകിനെ പുറത്താക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here