Advertisement

‘നെഞ്ച് പൊട്ടുന്നു, ഹൃദയം നുറുങ്ങുന്നു.. ഞാനും ഒരു പിതാവല്ലേ’ ; നെഞ്ചുലച്ച് മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എംഎ ഗഫൂറിന്റെ കുറിപ്പ്

4 hours ago
Google News 2 minutes Read
kozhikkod

കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ അടുത്തിടെ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുകയാണ്. കുട്ടികള്‍ വരെ ഇരയാകുന്ന ഇത്തരം അപകട വാര്‍ത്തകള്‍ നടക്കുന്നതാണ്. കോഴിക്കോട്ടെ മുങ്ങിമരണങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എം.എ ഗഫൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ്. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീര് കാണാന്‍ ത്രാണിയില്ലാതാകുന്നുവെന്ന് ഗഫൂര്‍ കുറിച്ചു.

കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനിടയില്‍ മക്കളെ നഷ്ടപ്പെട്ട ആ രണ്ട് പിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ട കരച്ചിലിന് പകരം നല്‍കാന്‍ ചേതനയറ്റ അവരുടെ മക്കളുടെ മൃതദേഹം മാത്രമായി അവരുടെ മുന്നില്‍ നില്‍ക്കേണ്ടി വരുന്നൊരു നിസ്സഹായത അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകൂ.. ഏറെക്കുറെ ഇതേ പ്രായമുള്ള മക്കളുള്ള ഒരു പിതാവല്ലേ ഞാനും.. എന്ത് പറയും ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് – ഗഫൂര്‍ കുറിച്ചു.

മക്കളെ നീന്തല്‍ പഠിപ്പിക്കൂവെന്ന് രക്ഷിതാക്കളോടും തിരിച്ചറിവോടെ ജീവിക്കൂ, പരിചിതമല്ലാത്ത ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും മരണം മാടിവിളിക്കുന്ന മരണക്കുഴികളാണ്, പോവല്ലേ എന്ന് കുട്ടികളോടും കുറിപ്പില്‍ ഗഫൂര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം

നെഞ്ച് പൊട്ടുന്നുണ്ട്.. ഹൃദയം നുറുങ്ങുന്നുണ്ട്.. എന്തൊരു വിധിയാണിത്.. ഫയര്‍ സര്‍വീസിന്റെ ഭാഗമായിട്ട് പതിനെട്ടു വര്‍ഷമായി.. ചൂരല്‍ മല, കവളപ്പാറയടക്കം നിരവധി ജീവനുകള്‍ പൊലിഞ്ഞ ദുരന്ത മുഖങ്ങളില്‍ നിന്ന് അനേകം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ചേതനയറ്റ ശരീരങ്ങള്‍ വീണ്ടെടുക്കാനുമായിട്ടുണ്ട്.

എന്നാല്‍ ഇത് വല്ലാത്തൊരു അവസ്ഥയാണ്.. തുടര്‍ച്ചയായ രണ്ട് ദിനങ്ങളില്‍ നെഞ്ച് പൊട്ടി തകര്‍ന്നു വീഴുന്ന രണ്ട് പിതാക്കന്മാരുടെ ദയനീയ മുഖം കണ്ട് മനസ്സ് വല്ലാതെ മരവിച്ച അവസ്ഥയിലാണ്.. ഇന്നലെ കൊടുവള്ളി മാനിപുരത്തെങ്കില്‍ ഇന്ന് പുല്ലൂരംപാറ കുറുങ്കയത്ത്..

കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനിടയില്‍ മക്കളെ നഷ്ടപ്പെട്ട ആ രണ്ട് പിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ട കരച്ചിലിന് പകരം നല്‍കാന്‍ ചേതനയറ്റ അവരുടെ മക്കളുടെ മൃതദേഹം മാത്രമായി അവരുടെ മുന്നില്‍ നില്‍ക്കേണ്ടി വരുന്നൊരു നിസ്സഹായത അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകൂ.. ഏറെക്കുറെ ഇതേ പ്രായമുള്ള മക്കളുള്ള ഒരു പിതാവല്ലേ ഞാനും.. എന്ത് പറയും ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട്..

ജലാശയ അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ നിരന്തരം ഇടപെടുന്നുണ്ട്.. സമൂഹത്തെ ബോധവത്കരിക്കാന്‍ ലഭ്യമായ വേദികളെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്.. സാമൂഹ്യമാധ്യമ പ്ലാറ്റുഫോമുകളില്‍ തുടര്‍ച്ചയായി ബോധവത്കരണം നടത്തുന്നുണ്ട്.. എന്നിട്ടും..

പ്രിയപ്പെട്ടവരേ..
മക്കളെ നീന്തല്‍ പഠിപ്പിക്കൂ..

മക്കളേ..
തിരിച്ചറിവോടെ ജീവിക്കൂ..
പരിചിതമല്ലാത്ത ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും മരണം മാടിവിളിക്കുന്ന മരണക്കുഴികളാണ്.. പോവല്ലേ..

ഇനിയുമൊരു ജീവന്‍ ജലശയങ്ങളില്‍ പൊലിയാതിരിക്കാന്‍ മുതിര്‍ന്നവരും കുഞ്ഞുങ്ങളും ന്യൂജനുമൊക്കെ ശ്രദ്ധിച്ചേ മതിയാവൂ..
റീല്‍ അല്ല.. ഇത് റിയല്‍…!

ഇതൊരപേക്ഷയാണ്..
മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീര് കാണാന്‍ പോലും ത്രാണിയില്ലാതാവുന്ന ഒരു രക്ഷാ പ്രവര്‍ത്തകന്റെ ദയനീയമായ അപേക്ഷ.

എം. എ ഗഫൂര്‍
ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍
മുക്കം

Story Highlights : Mukkam Fire Station Officer’s Facebook post goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here