ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് യുഡിഎഫ് ഘടകകക്ഷികൾ; രണ്ട് സീറ്റുകൾ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം)

ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് യുഡിഎഫ് ഘടകകക്ഷികൾ. രണ്ടു സീറ്റുകൾ വേണമെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം. ഇടുക്കി സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും രംഗത്തെത്തി. പി സി ജോർജിനെ മുന്നണിയിൽ എടുക്കേണ്ടെന്നും യുഡിഎഫിൽ ഭൂരിപക്ഷാഭിപ്രായമുയർന്നു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്നുചേർന്ന മുന്നണി യോഗത്തിലാണ് സീറ്റുകൾക്ക് അവകാശവാദവുമായി ഘടകക്ഷികൾ രംഗത്തെത്തിയത്. നിലവിൽ കോൺഗ്രസിന് 16 സീറ്റുകളും മുസ്ലിംലീഗിന് രണ്ട് സീറ്റുകളും കേരളാ കോൺഗ്രസ് എമ്മിനും ആർഎസ്പിക്കും ഓരോ സീറ്റുകൾ വീതവുമാണുള്ളത്. നിലവിലുള്ളതിനേക്കാൾ ഒരു സീറ്റ് കൂടുതൽ വേണമെന്ന ആവശ്യമാണ് കേരള കോൺഗ്രസ്-എം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പിജെ ജോസഫ് വിഭാഗം നിലപാടറിയിച്ചു. ഇടുക്കി സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും രംഗത്തെത്തി. അതേസമയം, മുസ്ലിംലീഗ് ഇന്നത്തെ യോഗത്തിൽ കൂടുതൽ ആവശ്യങ്ങൾ മുന്നോട്ട് വെച്ചില്ല. സീറ്റ് വിഭജന കാര്യത്തിൽ ഘടകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്താൻ യുഡിഎഫ് തീരുമാനിച്ചു.
അതിനിടെ, പി സി ജോർജിനെ മുന്നണിയിലെടുക്കുന്നതിൽ യോഗത്തിൽ എതിർപ്പുയർന്നു. വിഷയം ചർച്ചക്ക് പോലും എടുക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. എന്നാൽ, കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് പി സി ജോർജ്ജ് താത്പര്യം അറിയിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ മുന്നണിയിൽ ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു നേതാക്കളുടെ വിശദീകരണം
അതേസമയം, ജനതാദൾ ജോൺ ജോൺ വിഭാഗത്തെ മുന്നണി യോഗത്തിലെ പ്രത്യേക ക്ഷണിതാവാക്കാൻ യോഗം തീരുമാനിച്ചു. മുന്നണി പ്രവേശനത്തിന് അപേക്ഷ നൽകിയ മറ്റു കക്ഷികളുമായി ചർച്ച നടത്തുന്നതിന് യുഡിഎഫ് കൺവീനർ അധ്യക്ഷനായ ഉപസമിതിയെയും യോഗം ചുമതലപ്പെടുത്തി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here