സ്ഥിരതാമസത്തിനായി ചൊവ്വയിലേക്ക് പോകാൻ മലയാളി പെണ്‍കുട്ടി

ഇതാണ് ശ്രദ്ധ പ്രസാദ്. സ്ഥിരതാമസത്തിനായി ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ലോകത്തെ നൂറുപേരിൽ ഒരാളാണ് മലയാളിയായ ശ്രദ്ധ പ്രസാദ്. മടക്കയാത്രയില്ലാത്ത ചൊവ്വാദൗത്യത്തിന് തയ്യാറെടുക്കുന്ന പാലക്കാട്ടുകാരി. നെതർലാന്റ്സിലെ മാർസ് വൺ എന്ന കമ്പനി പ്രഖ്യാപിച്ച ചൊവ്വാദൗത്യത്തിന്റെ അവസാന പട്ടികയിൽ ഇടംനേടാനുള്ള ശ്രമത്തിലാണ് ഈ ഇരുപത്തിമൂന്നുകാരി.
പല രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ലക്ഷത്തോളം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ് പേരിൽ ഒരാൾ. ചൊവ്വയിൽ മനുഷ്യരുടെ കോളനി എന്ന ലക്ഷ്യത്തോടെ മാർസ് വൺ കമ്പനി പദ്ധതിയിടുന്ന ചൊവ്വാദൗത്യത്തിൽ ചിലപ്പോൾ ശ്രദ്ധയുമുണ്ടാകും.
ഈ പട്ടികയിൽ ഇടം പിടിച്ചിട്ട് രണ്ട് വർഷത്തിലേറെയായെങ്കിലും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ശ്രദ്ധയുടെ ചൊവ്വാദൗത്യം വീണ്ടും ചർച്ചയായത്. പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നാടാണിതെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയാണ് ചർച്ച തുടങ്ങിവെച്ചത്. പിന്നാലെ മറ്റ് നേതാക്കളും സോഷ്യൽ മീഡിയയും അതേറ്റെടുത്തു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഒരു നിലപാട് വ്യക്തമാക്കാന്‍ കഴിയില്ലെന്നാണ് ശ്രദ്ധ പ്രതികരിച്ചത്.
പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ശ്രദ്ധ ചൊവ്വാദൗത്യത്തിനായി അപേക്ഷ നൽകിയത്. വർഷങ്ങൾ നീണ്ട നിരവധി കടമ്പകൾ കടന്ന് നൂറു പേരിലൊരാളായി. ദൗത്യത്തിനുള്ള 24 പേരുടെ അവസാന പട്ടികയിലെത്താനുള്ള ശ്രമത്തിലാണ് ഈ പെൺകുട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here