ജെഎന്‍യുവില്‍ നടന്നത് കരുതി കൂട്ടിയ രാഷ്ട്രീയ നാടകം; ദേശദ്രോഹമുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ നടന്നത് എബിവിപിയുടെ രാഷ്ട്രീയ നാടകം. പരിപാടിക്കിടെ ദേശദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് എബിവിപി പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തി മുന്‍ എബിവിപി നേതാക്കള്‍ തന്നെ രംഗത്തെത്തി. കേസില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

ജെഎന്‍യു എബിവിപി യൂണിയനില്‍ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചിരുന്ന പ്രതീപ് നര്‍വാള്‍, ജതിന്‍ ഗൊരയ്യ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. എബിവിപിയുടെ ദളിത് വിഭാഗത്തില്‍പ്പെട്ട നേതാക്കളാണ് ഇരുവരും. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയായിരുന്നു മുദ്രാവാക്യ നാടകമെന്ന് ഇരുവരും വ്യക്തമാക്കി.

ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഉണ്ടായ സംഭങ്ങള്‍ എബിവിപിക്ക് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു. ഏറെ മാധ്യമശ്രദ്ധപിടിച്ചുപറ്റിയതോടെ എബിവിപി പല കോണുകളില്‍ നിന്നും പഴി കേട്ടിരുന്നു. വിഷയം രോഹിതിന്റെ ആത്മഹത്യ വഴിതിരിച്ചുവിടാനാണ് ജെഎന്‍യുവില്‍ എബിവിപി മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും പ്രതീപ് നര്‍വാള്‍, ജതിന്‍ ഗൊരയ്യയും പറഞ്ഞു. മാധ്യമചര്‍ച്ചകളില്‍ തങ്ങള്‍ക്കനുകൂലമായി സംസാരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്തില്‍ നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി. 2016 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെ പ്രതീപും ജതിനും ഭാരവാഹിത്വം രാജിവെച്ചിരുന്നു. ബിജെപിയുടേയും എബിവിപിയുടേയും വാദങ്ങള്‍ക്ക് വിരുദ്ധമായാണ് ഇരുവരുടേയും പ്രതികരണങ്ങള്‍.

കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1200 ഓളം പേജ് വരുന്ന കുറ്റപത്രത്തില്‍ 36 വിദ്യാര്‍ത്ഥികളുടെ പേര് കൂടി പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 19 ന് കോടതി കുറ്റപത്രം പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top