ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ

govt departments begin blame game on sabarimala women entry list

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ. സുപ്രീംകോടതിയിൽ സമർപ്പിക്കാൻ അല്ല റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ നിലപാട്. ഉത്തരവാദിത്വം സർക്കാരിനെന്ന് പറഞ്ഞ് ദേവസ്വംബോർഡും കയ്യൊഴിഞ്ഞു. എന്നാൽ വിഷയത്തിൽ സർക്കാരിന് ആശയക്കുഴപ്പം ഇല്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പ്രതികരണം.

51 സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചു എന്നരീതിയിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പിശകുകളുടെയും പാകപ്പിഴവുകളുടെയും ഉത്തരവാദിത്വം സർക്കാരിന് മേൽ ചാർത്തുകയാണ് വകുപ്പുകൾ. സുപ്രീംകോടതിയിൽ സമർപ്പിക്കാൻ വേണ്ടിയല്ല റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ വിശദീകരണം. വിർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്തവരുടെ പട്ടികയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ ആരും സംശയം പ്രകടിപ്പിച്ചില്ലെന്ന നിലപാടിലാണ് നിയമവകുപ്പും. റിപ്പോർട്ട് സമർപ്പിച്ചതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ദേവസ്വം ബോർഡും നിലപാട് സ്വീകരിച്ചു.

അതേസമയം വിഷയത്തിൽ സർക്കാരിന് യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. സർക്കാരിന്റെ പക്കലുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്ന് മന്ത്രി ഇ പി ജയരാജനും പ്രതികരിച്ചു.

റിപ്പോർട്ടിൽ കടന്നുകൂടിയ പിഴവുകൾക്ക് ഉത്തരവാദി വിർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്തവർ മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More