ശബരിമല സ്ത്രീ പ്രവേശന റിപ്പോര്‍ട്ടിലെ പിഴവ്: തിരുത്തല്‍ വരുത്താനൊരുങ്ങി പൊലീസ്

ശബരിമലയില്‍ അന്‍പത്തിയൊന്ന് സത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തിരുത്തല്‍ നടപടിക്ക് പൊലീസ്. ഇത് സംബന്ധിച്ച് എഡിജിപി അനില്‍കാന്തിന് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. നിരവധി അബദ്ധങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് തീരുമാനം. പിഴവുകള്‍ തിരുത്തി പുതുക്കിയ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായാണ് വിവരം.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് പൊലീസാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയതെങ്കിലും ചോദിക്കാതെ തന്നെ നല്‍കിയ സാഹചര്യമാണ് ഉണ്ടായത്. വെര്‍ച്യുല്‍ ക്യൂ വഴി ശേഖരിച്ച വിവരങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ വാദം. ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകളുടെ വിവരങ്ങള്‍ എന്ന രീതിയില്‍ റിപ്പോര്‍ട്ട് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
അന്‍പത്തിയൊന്ന് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചുവെന്ന് കാണിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ സ്ത്രീകളുടെ പ്രായം ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ നിരവധി പിഴവുകളുണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ഇത് ബന്ധപ്പെട്ട വകുപ്പിനേയും സര്‍ക്കാരിനെ ഒന്നായും സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ന്നാണ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ പൊലീസ് തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here