ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമത്വം നടക്കുന്നുണ്ടോയെന്ന് പഠിക്കാന്‍ നാലംഗ സമിതി

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമത്വം നടക്കുന്നുണ്ടോയെന്ന് പഠിക്കാന്‍ നാലംഗ സമിതിയെ രൂപീകരിച്ച് പ്രതിപക്ഷ പാർട്ടികള്‍. കൊല്‍ക്കത്തിയിലെ ഐക്യ ഇന്ത്യാ റാലിക്ക് ശേഷം നടന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. വോട്ടിംഗ് മെഷീനുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന ആരോപണം പല നേതാക്കളും റാലിയില്‍ ഉന്നയിച്ചിരുന്നു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി ഐക്യ ഇന്ത്യാ റാലിക്ക് ശേഷം നടന്ന നേതാക്കളുടെ യോഗത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച് വിശദമായി പഠിക്കാന്‍ സമിതിയെ നിശ്ചയിക്കുകയായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അധ്യക്ഷനായ സമിതിയില്‍ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ് വി, എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി എസ് പി നേതാവ് സതീഷ് ചന്ദ്ര മിശ്ര എന്നിവരാണ് അംഗങ്ങള്‍. സമിതി പിന്നീട് യോഗം ചേരും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ചതിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള കൊല്‍ക്കത്തയില്‍ നടന്ന ഐക്യ ഇന്ത്യാ റാലിയില്‍ പ്രസംഗിച്ചത്. സമാനമായ ആരോപണങ്ങള്‍ മറ്റു പല പ്രതിപക്ഷ നേതാക്കളും റാലിയില്‍ ഉന്നയിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രതിപക്ഷം ഉയർത്തിയേക്കും. പ്രതിപക്ഷത്തിന്‍റെ ആരോപണത്തോട് ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു.
വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും വിജയിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ബി ജെ പി നേതാവ് റാം മാധവും പ്രതികരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here