Advertisement

സിബിഐ കേസ്; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എകെ സിക്രി പിന്മാറി

January 24, 2019
Google News 0 minutes Read
JUSTICE AK SIKIR STEP BACK FROM BENCH CONSIDERING CBI INTERIM PLACEMENT

നാഗേശ്വര്‍ റാവുവിനെ ഇടക്കാല സിബിഐ ഡയറക്ടറായി നിയമിച്ചതിനെതിരെ നല്‍കിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എകെ സിക്രിയും പിന്‍മാറി. ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയും നേരത്തെ പിന്മാറിയിരുന്നു. അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ഉന്നതതല സമിതിയില്‍ അംഗമായിരുന്നു എകെ സിക്രി. ഇക്കാരണത്താലാണ് പിന്മാറ്റമെന്നാണ് സൂചന.

അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഇടക്കാല ചുമതല നാഗേശ്വര്‍ റാവൂവിന് നല്‍കിയതിന് എതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്‍റെ നേതൃത്വത്തിലുള്ല എന്‍ജിഓ കോമ്മണ്‍ കോസാണ് സുപ്രിം കോടതിയില്‍ ഹർജി നല്‍കിയത്. ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് നേരത്തെ പിന്മാറിയിരുന്നു. സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള ഉന്നതതല സമിതിയില്‍ അംഗമാണെന്ന കാരണമായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഹര്‍ജി ജസ്റ്റിസ് എകെ സിക്രിയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്തു. ഇന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് എകെ സിക്രിയും കേസില്‍ നിന്ന് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ഉന്നതതല സമിതിയില്‍ ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് എകെ സിക്രിയായിരുന്നു പങ്കെടുത്തിരുന്നത്. യോഗത്തില്‍ വര്‍മയെ നീക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സിക്രി പിന്തുണച്ചു. പിന്നാലെ കോമണ്‍വെല്‍ത്ത് ട്രൈബ്യൂണല്‍ അംഗമായി സിക്രിയെ കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതായുള്ള വാര്‍ത്ത പുറത്ത് വന്നു. ഇതോടെ സിക്രിയുടെ നിലപാട് വിവാദമായി. തുടര്‍ന്ന് പദവി സ്വീകരിക്കാനുള്ള തീരുമാനം ജസ്റ്റിസ് സിക്രി പിന്‍വലിച്ചു. സിബിഐ നിയമനവുമായി ബന്ധപ്പെട്ട ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് സിക്രിയുടെ പിന്മാറ്റം. പിന്മാറരുതെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ ദുഷ്യന്ത് ദാവെയും എജി കെകെ വേണുഗോപാലും ഒരുപോലെ ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് സിക്രി തീരുമാനം മാറ്റിയില്ല. ഹര്‍ജി കേള്‍ക്കണമെന്ന് ആഗ്രഹമുണ്ടെന്നും പക്ഷെ വ്യത്യസ്ഥ താല്‍പര്യങ്ങള്‍ ഉള്ള കേസായതിനാല്‍ പിന്മാറുന്നതാണ് നല്ലതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here