കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്‌ക്കരണം നടപ്പിലാക്കും : ടോമിൻ തച്ചങ്കേരി

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്‌ക്കരണം നടപ്പിലാക്കുമെന്ന് ആവർത്തിച്ച് എംഡി ടോമിൻ ജെ തച്ചങ്കരിയുടെ പുതിയ ഉത്തരവ്. കണ്ടക്ടർമാരുടെ അഭാവത്തിൽ ഡ്രൈവർമാരെ കണ്ടക്ടർമാരായി നിയോഗിക്കുന്നത് അടക്കം ഉത്തരവിൽ ഉണ്ട്. യൂണിയൻ നേതാക്കളുടെ എതിർപ്പ് പരിഗണിക്കാതെ ആണ് മാനേജ്‌മെന്റിന്റെ നടപടി
ഡ്യൂട്ടി പരിഷ്‌ക്കരണത്തിലെ അപാകതയടക്കം പരിഹരിക്കുമെന്നായിരുന്നു പണിമുടക്ക് മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾക്ക് മന്ത്രി നൽകിയ ഉറപ്പ്. എന്നാല് സിംഗിൾ ഡ്യൂട്ടി പരിഷ്‌ക്കരണം നടപ്പാക്കിയ 2018 ഫെബ്രുവരിയിലെ ഉത്തരവ് ചില മാറ്റങ്ങളോടെ ആവർത്തിക്കുകയാണ് ടോമിൻ തച്ചങ്കരി. ഓർഡിനറി /സിറ്റി സർവീസുകളിൽ രണ്ട് ഷിഫ്റ്റ് ആയി സിംഗിൾ ഡ്യൂട്ടി സംവിധാനം തുടരും. ഷിഫ്ടിന്റെ സമയക്രമം യാത്രക്കാരുടെ ലഭ്യത അനുസരിച്ച് തീരുമാനിക്കാം. 10 ആം ക്ലാസ് പാസായ ഡ്രൈവർമാർക്ക് കണ്ടക്ടർ ലൈസൻസും ബാഡ്ജും നൽകാനും ഉത്തരവ് നിർദ്ദേശിക്കുന്നു. ഓർഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് സർവ്വീസുകൾക്ക് കണ്ടക്ടർമാരുടെ കുറവുണ്ടെങ്കിൽ ഡ്രൈവർമാരെ കണ്ടക്ടർമാരായി നിയോഗിക്കണമെന്നാണ് നിർദ്ദേശം.സൂപ്പർ ക്ലാസ്സ് സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർമരെയോ നിശ്ചിത ഇടവേളയിൽ ക്രൂ മാറ്റമോ അനുവദിക്കും. അനുബന്ധ ഡ്യൂട്ടിക്ക് അനുവദിച്ച് ഇരിക്കുന്നത് ആകെ അരമണിക്കൂർ. സിംഗിൾ ഡ്യൂട്ടികളിൽ അലവൻസോടെ പരമാവധി രണ്ട് മണിക്കൂർ കൂടി ഡ്യൂട്ടി നൽകാമെന്നും ഉത്തരവുണ്ട്. ഒത്തുതീർപ്പിന് വിരുദ്ധമാണ് ഉത്തരവെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here